1

പൂവാർ: കൊവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടെ ടൂറിസ്റ്റ് മേഖലകളിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ പൂവാറിലും സഞ്ചാരികൾ കുറഞ്ഞു. ആദ്യ ഘട്ട ലോക്ക് ഡൗണിന് ശേഷം പതിയെ പച്ചപ്പിടിച്ചു വന്ന പൂവാറിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് കൊവിഡിന്റെ രണ്ടാം തരംഗം. ടൂറിസം മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന തൊഴിലാളികൾ കടുത്ത മാനസികപ്രശ്നത്തിലുമാണ്.

പൂവാറിലെ ബോട്ട് തൊഴിലാളികൾ വൻ പ്രതിസന്ധിയിലാണ്. ലോക്ക് ഡൗണിൽ നീണ്ടനാൾ ഓടാതിരുന്ന ബോട്ടുകൾ പലതും കേടായി. അവയെല്ലാം കടം വാങ്ങിയും ആഭരണങ്ങൾ പണയപ്പെടുത്തിയുമാണ് വീണ്ടും ഓട്ടത്തിന് സജ്ജമാക്കിയതെന്ന് ബോട്ടുടമകൾ പറയുന്നു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വലിയ രീതിയിൽ മെയിന്റനൻസ് വേണ്ടി വന്നു. മുൻ ജീവനക്കാരെ കിട്ടാതായതോടെ പുതിയ ആൾക്കാരെ തേടിയും പുതിയ ഉപകരണങ്ങൾ സംഘടിപ്പിക്കാനും ഏറേ ക്ലേശങ്ങൾ സഹിച്ചു എന്ന് ഹോട്ടലുടമകൾ പറഞ്ഞു. എല്ലാനഷ്ടവും നികത്താൻ കാത്തിരുന്നവർ ഇന്ന് തീരാദുരിതത്തിലാണ്.

കൊവിഡ് രോഗവ്യാപനം മൂലം ഏറ്റവും നഷ്ടം സംഭവിച്ച മേഖലയാണ് ടൂറിസം. ലോക വ്യാപകമായി ടൂറിസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം അതിനെ തടയിട്ടിരിക്കുന്നത്. ഈ മേഖലയെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവർക്ക് ഏതൊരു ആശ്വാസ പദ്ധതികളും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.

കൊവിഡ് വ്യാപനം തടയുന്നതോടൊപ്പം ടൂറിസം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് കരകയറുന്നതിനും പ്രത്യേക ആശ്വാസ പദ്ധതി സർക്കാർ പ്രഖ്യാപിക്കണമെന്ന് ബോട്ടുടമ ബൈജു പറഞ്ഞു.