കല്ലമ്പലം: 13കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നാവായിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് അംഗവും സി.പി.എം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സഫറുള്ളയ്ക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും എസ്.ഡി.പി.ഐയും രംഗത്ത്. പാർട്ടിയിൽ നിന്നും സഫറുള്ളയെ പുറത്താക്കിയെങ്കിലും പാർട്ടിയുടെ സംരക്ഷണമുണ്ടെന്നാണ് കോൺഗ്രസിന്റെ വാദം. ഇന്നലെ വൈകിട്ട് 5.30ന് എസ്.ഡി.പി.ഐ മുക്കുകട, മരുതിക്കുന്ന്‍, മുല്ലനല്ലൂർ, കപ്പാംവിള വാർഡ് കമ്മിറ്റികളുടെ പ്രതിഷേധ പ്രകടനം നടന്നു. വരും ദിവസങ്ങളിൽ പഞ്ചായത്ത് ഉപരോധവും കാമ്പെയിനും ഉണ്ടാകുമെന്ന് ഇവർ അറിയിച്ചു. സഫറുള്ളയെയും പാർട്ടി ബ്രാഞ്ച് അംഗവും സുഹൃത്തുമായ ഷമീറിനെയും ഞായറാഴ്ച വൈകിട്ടോടെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്.
രാജി ആവശ്യപ്പെട്ട് രാഷ്ട്രീയപ്പാർട്ടികൾ
22 വാർഡുള്ള നാവായിക്കുളം പഞ്ചായത്തിൽ എൽ.ഡി.എഫ്: 9, യു.ഡി.എഫ്: 8, ബി.ജെ.പി: 5 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കനത്ത പോരാട്ടത്തിനൊടുവിൽ നാലാം വാർഡിൽ 30 വോട്ടിനാണ് എസ്.ഡി.പി.ഐയെ പിന്നിലാക്കി സഫറുള്ള ജയിച്ചത്. ബി.ജെ.പിക്ക് 367ഉം യു.ഡി.എഫിന്റെ ഘടക കക്ഷിയായ ആർ.എസ്.പിക്ക് 192ഉം വോട്ടാണ് ലഭിച്ചത്. സഫറുള്ള രാജിവച്ചാൽ അറസ്റ്റ് ആയുധമാക്കി ഇവിടെ വിജയിക്കാമെന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്നുമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. പീഡനക്കേസിൽ പ്രതിയായതോടെ സഫറുള്ള രാജിവയ്‌ക്കാൻ സന്നദ്ധനായെങ്കിലും പാർട്ടി അനുവദിച്ചില്ലെന്നാണ് മറ്റ് പാർട്ടികളുടെ ആക്ഷേപം. അഞ്ചംഗമുള്ള ബി.ജെ.പിയും അംഗബലം വർദ്ധിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കഴിഞ്ഞു. അഞ്ചാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും സ്വതന്ത്രസ്ഥാനാർത്ഥിക്കും 421 വോട്ട് വീതം ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് ജയിച്ചത്. ടെൻഡർ വോട്ട് എണ്ണണമെന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വാദം അംഗീകരിച്ചില്ല. ഇത് കോടതിയുടെ പരിഗണനയിലാണ്.