യാത്രകളാണ് ഈ കൊവിഡ് കാലത്ത് പലരും പ്രധാനമായും മിസ് ചെയ്യുന്ന കാര്യങ്ങളിലൊന്ന്. സുഹൃത്തുക്കൾക്കൊപ്പം ഇഷ്ടരുചികൾ തേടി ദുബായിലേക്ക് നടത്തിയ ഒരു യാത്രയുടെ ഓർമ്മകളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് നടി കീർത്തി സുരേഷ്. കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങളും വ്യത്യസ്ത വിഭവങ്ങളുടെ ചിത്രങ്ങളുമാണ് ഇൻസ്റ്റഗ്രാമിലൂടെ കീർത്തി പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമയിലൂടെയാണ് കീർത്തി സുരേഷ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങുന്നത്.
തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലെ മുൻനിര നായികമാരിൽ കീർത്തിയുമുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് കീർത്തി. ലോക്ക് ഡൗൺ ആരംഭിക്കും മുൻപ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’ യിൽ അഭിനയിച്ചുവരികയായിരുന്നു കീർത്തി. ചിത്രത്തിൽ ഒരു ഷാർപ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീർത്തി എത്തിയത്.
മലയാളത്തിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് കീർത്തിയുടേതായി തിയേറ്ററിൽ എത്താനുള്ള ചിത്രം. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തിൽ കീർത്തിയ്ക്കൊപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുമുണ്ട്.