നെയ്യാറ്റിൻകര: വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാതെ നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയം അനാഥമായി നശിക്കുന്നു. നഗരസഭാധികൃതർ ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച സ്റ്റേഡിയമാണ് സൂക്ഷിക്കാനാളില്ലാത്തതിനെത്തുടർന്ന് നശിക്കുന്നത്.
നഗരസഭയിൽ ശുചീകരണ തൊഴിലാളികളുണ്ടെങ്കിലും അവരാരും തന്നെ സ്റ്റേഡിയം വൃത്തിയാക്കാനെത്താറേയില്ല. പരിപാലിക്കാൻ ആളില്ലാത്തതിനാൽ കാടും പടർപ്പും നിറഞ്ഞ് സ്റ്റേഡിയം ഇപ്പോൾ ഇഴന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഇന്റർലോക്ക് സംവിധാനമാകട്ടെ പുൽച്ചെടികൾ വളർന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. 50 ലക്ഷം രൂപ ചെലവാക്കി കായിക പ്രേമികൾക്കും മറ്റുള്ളവർക്കും വേണ്ടി ഒരു ടോയ്ലെറ്റ് കോംപ്ലക്സ് നിർമ്മിക്കാൻ തുടങ്ങിയെങ്കിലും അതിന്റെ നിർമ്മാണവും എങ്ങുമെത്തിയില്ല. മാസങ്ങൾക്ക് മുമ്പ് നിറുത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഇനിയും ഏറെ ദിവസങ്ങൾ വേണ്ടി വരും. നവീകരണ പ്രവർത്തനങ്ങൾ വൈകുന്നതിനാൽ സ്റ്രേഡിയം എന്ന് കായികപ്രേമികൾക്കായി തുറന്നു നൽകുമെന്ന് നഗരസഭയ്ക്ക് തിട്ടമില്ല.
ദിനംപ്രതി രാവിലെയും വൈകിട്ടും നിരവധിപേർ നടക്കാനും കളിക്കാനുമായി സ്റ്റേഡിയം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ കാരണം നാമമാത്രമായ ആളുകൾ മാത്രമേ സ്റ്റേഡിയം ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുള്ളൂ.
നഗരസഭ മുൻകൈ എടുത്ത് എം.എൽ.എ ഫണ്ടുപയോഗിച്ച് രണ്ടേകാൽ ലക്ഷം രൂപ ചെലവാക്കി നടപ്പിലാക്കിയ പൊതു ജിംനേഷ്യത്തിൽ സ്ത്രീകൾ ഉൾപ്പെടെ എത്തി വ്യായാമം ചെയ്തിരുന്നെങ്കിലും പരിസരം വൃത്തിയില്ലാത്തതു കാരണം പലരും വരാൻ മടിക്കുകയാണ്.
പ്രശ്നങ്ങൾ
സ്റ്റേഡിയം മുഴുവൻ മാലിന്യം നിറഞ്ഞു
ഇഴജന്തുക്കളുടെ താവളം
നടക്കുന്നവർക്കായി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഇന്റർലോക്ക് പല ഭാഗത്തും താഴ്ന്ന് കുഴിയായി
ഇന്റർലോക്കിൽ കുറ്റിച്ചെടികളും വളർന്നു
വ്യത്തിയില്ല
3 ഏക്കറിലധികം വിസ്തൃതി വരുന്ന സ്റ്റേഡിയത്തിൽ കായിക പ്രേമികൾക്ക് കായിക മത്സരങ്ങൾ നടത്തുന്നതിനും കലാ പ്രേമികൾക്ക് കലാമത്സരങ്ങൾ നടത്തുന്നതിനും പൊതുജനങ്ങൾക്ക് നടക്കുന്നതിനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ സ്റ്റേഡിയം വൃത്തിഹീനമായതു കാരണം ഇവയെല്ലാമിപ്പോൾ യഥാസമയം നടക്കുന്നില്ലായെന്നതാണ് സത്യം.
പാർക്കിംഗും പറ്റില്ല
പി.ഡബ്ലൂ.ഡി ഉപേക്ഷിച്ച സ്ലാബുകളും, മറ്റു കെട്ടിട സാധന സാമഗ്രഹികളും ഇതിന്റെ മുൻഭാഗത്ത് ഇട്ടിരിക്കുന്നതിനാൽ സ്റ്റേഡിയത്തിൽ വരുന്നവരുടെ വാഹനങ്ങൾ സ്റ്റേഡിയത്തിന് മുമ്പിൽ പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇതു കാരണം സ്റ്റേഡിയത്തിലെത്തി പരിശീലനവും വ്യായാമവും നടത്തുന്നവരുടെ എണ്ണവും കാര്യമായി കുറക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.