തിരുവനന്തപുരം: ജിമ്മിജോർജ്ജ് സ്റ്റേഡിയത്തിലെ മാസ് വാക്‌സിനേഷൻ ക്യാമ്പിലുണ്ടായ തിരക്കിൽ രണ്ട് വോളന്റിയറും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏഴുപേർ കുഴഞ്ഞുവീണു. സ്റ്റേഡിയത്തിന് മുന്നിലെ നീണ്ട ക്യൂവിൽ വെയിലുംകൊണ്ട് ഏറെ നേരം ക്യൂ നിന്നപ്പോഴാണ് ഇവർ കുഴഞ്ഞുവീണത്. തിരക്ക് കൂടിയതോടെ വാക്‌സിനെടുക്കാനെത്തിയവരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. 2000 പേർക്ക് വാക്‌സിനേഷൻ നൽകാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതികപ്പിഴവ് മൂലം എണ്ണം 4000 പേരായി. ഇതോടെ രജിസ്റ്റർ ചെയ്‌തവരും ചെയ്യാത്തവരും സ്റ്റേഡിയത്തിലെത്തി. തിരക്ക് കൂടിയതോടെ പൊലീസിനും ആരോഗ്യവകുപ്പിനും ഇവരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
11 ഹെല്പ് ആൻഡ് ടോക്കൺ ഡെസ്‌കും 5 വാക്‌സിനേഷൻ സ്ഥലവുമാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. രാവിലെ 10നാണ് വാക്‌സിനേഷൻ ആരംഭിച്ചത്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്‌തവരെക്കൂടാതെ 2000പേർ അധികമായി എത്തിയതോടെ അത്രയും പേർക്കുള്ള ഡോസും എത്തിക്കേണ്ടിവന്നു. 2867 ഡോസ് വാക്‌സിനാണ് ഇന്നലെ മെഗാ ക്യാമ്പിൽ നൽകിയത്. രാവിലെ 10ന് ആരംഭിച്ച മെഗാ ക്യാമ്പ് രാത്രി 8.30നാണ് അവസാനിച്ചത്. രാവിലെ 10 മുതൽ 11 വരെയാണ് തങ്ങൾക്ക് ടൈം സ്ലോട്ട് കിട്ടിയതെന്നാണ് വാക്‌സിനെടുക്കാനെത്തിയവർ പറയുന്നത്. എന്നാൽ ജനങ്ങൾ ഒരേസമയം കൂട്ടമായി എത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവം വിവാദമായതോടെ ഡി.എം.ഒയെ വിളിച്ച് ആരോഗ്യമന്ത്രി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. കുഴഞ്ഞുവീണവരെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസും ഇവിടെ ഇല്ലായിരുന്നു. ഒടുവിൽ പൊലീസ് വാഹനങ്ങളിലാണ് പലരെയും ജനറൽ ആശുപത്രിയിലെത്തിച്ചത്. കുടിവെള്ളം,പ്രായമായവർക്ക് കസേര, സാനിറ്റൈസർ തുടങ്ങിയ സംവിധാനങ്ങളും സ്റ്റേഡിയത്തിലുണ്ടായിരുന്നില്ല. ക്യൂ നിൽക്കുന്നതിനെച്ചൊല്ലി ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിനിടെ ഉന്തുതള്ളുമുണ്ടായി. പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസുകാരെ ക്യൂവിൽ നിന്നവർ തള്ളിമാറ്റി. മ്യൂസിയം സി.ഐയുടെ നെയിം ബാഡ്‌ജ് ഉൾപ്പെടെ ഉന്തുംതള്ളിലും വലിച്ചുകീറി. ഉന്തിലും തള്ളിലും രണ്ടു വോളന്റിയർമാർക്കും പരിക്കേറ്റു.
പരസ്‌പരം പഴിചാരി പൊലീസും ആരോഗ്യവകുപ്പും
തിരക്ക് നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടെന്നാണ് പ്രധാന ആക്ഷേപം. പ്രശ്‌നത്തിൽ പൊലീസും ആരോഗ്യവകുപ്പും പരസ്‌പരം പഴിചാരി കൈയൊഴിയാനാണ് ശ്രമിച്ചത്. സമയത്തിന്റെ സ്ലോട്ട് നോക്കി ആളുകളെ കടത്തിവിടാൻ പൊലീസിന് കഴിഞ്ഞില്ല. ആരോഗ്യവകുപ്പ് ആവശ്യത്തിന് പൊലീസുകാരെ വിളിക്കാതിരുന്നതും പോരായ്‌മയായി.
വാക്‌സിനേഷൻ കേന്ദ്രത്തിൽ വലിയ തിരക്കുണ്ടായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടാൻ ഡി.എം.ഒയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. ജനങ്ങൾ കൃത്യമായ സമയത്തുമാത്രമേ വാക്‌സിനെടുക്കാൻ എത്താൻ പാടുള്ളൂ.
കെ.കെ. ശൈലജ, ആരോഗ്യമന്ത്രി
10നും 11നും ഇടയിലാണ് സമയം നൽകിയിരിക്കുന്നത്. ജനങ്ങൾ സമയക്രമം പാലിക്കുന്നില്ല.
ഇനി മുതൽ ഇത് കർശനമാക്കാൻ നിർദ്ദേശം നൽകി .
ഡോ.കെ.എസ്. ഷിനു
ഡി.എം.ഒ തിരുവനന്തപുരം
പൊലീസിന് നിയന്ത്രിക്കാവുന്നതിലും കൂടുതൽ ആളുകൾ വന്നു. എങ്കിലും പൊലീസ് അത് നിയന്ത്രിച്ചു.
കൊവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കേസെടുക്കും.
വൈഭവ് സക്സേന,
ഡി.സി.പി തിരുവനന്തപുരം