photo

പാലോട്: നന്ദിയോട്, പെരിങ്ങമ്മല, പനവൂർ പഞ്ചായത്തുകളിൽ കാവൽ ഗ്രൂപ്പുകളുടെ സേവനവും ജാഗ്രതാസമിതികളുടെ പ്രവർത്തനവും ഏകോപിപ്പിച്ച് കൊവിഡ് നിയന്ത്രണം ശക്തമാക്കി. നിലവിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കിയതിനെ തുടർന്ന് അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. പഞ്ചായത്തുതല കാവൽ ഗ്രൂപ്പ് അംഗങ്ങൾ ഓരോദിവസവും 10 വീടുകൾ വീതം സന്ദർശിച്ച് വീട്ടുകാരുടെ ആരോഗ്യസ്ഥിതി ആരോഗ്യ പ്രവർത്തകരെ അറിയിച്ച് പരിഹാരം കാണുന്നുണ്ട്. നന്ദിയോട് പഞ്ചായത്ത് മേഖലയിൽ ധ്രുത കർമ്മ സേനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, പാലോട് എസ്.ഐ. അൻസാരി, പബ്ലിക്ക് ഹെൽത്ത് നഴ്സ് രാഖി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷഹീർ, ആരോഗ്യ, ആശ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ എന്നിവർ പങ്കെടുത്തു. നിലവിൽ നന്ദിയോട് പഞ്ചായത്തിൽ 124 കൊവിഡ് രോഗികളാണ് ഉള്ളത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 106 കൊവിഡ് രോഗികളുള്ള പെരിങ്ങമ്മല പഞ്ചായത്തിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആദിവാസി മേഖലകളിൽ കൊവിഡ് രോഗികൾ പെരുകുന്നതിനാൽ ആരോഗ്യപ്രവർത്തരുടെ സേവനവും പ്രമോട്ടർമാരുടെ സേവനവും പൂർണമായും ലഭ്യമാക്കിയിട്ടുണ്ട്. രോഗം പകരുമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങാനിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാലോട് എസ്.ഐ നിസാറുദ്ദീൻ അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കുമെന്നും രാത്രികാല കർഫ്യൂ കർശനമാക്കുമെന്നും പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുകരിക്കകം, ഇക്ബാൽ കോളേജ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ്.