കാഞ്ഞിരപ്പള്ളി: ജീവനക്കാരായ 45 പേരിൽ 38 പേരും കൊവിഡ് പോസിറ്റീവ്. കാരണം ഇടുങ്ങിയ മുറികളും വൃത്തിഹീനമായ ടോയ്ലറ്റും! ആയിരത്തി അഞ്ഞൂറിൽ താഴെ വിസ്തീർണമുള്ള ഫയർ സ്റ്റേഷൻ കേരളത്തിൽ ഇല്ലെന്ന ചിന്ത തെറ്റാണെന്ന് തെളിയിക്കുന്ന കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന്റെ ദുരവസ്ഥയെ കുറിച്ചാണ് പറയുന്നത്.
1990ൽ പ്രവർത്തനമാരംഭിച്ച ഫയർ സ്റ്റേഷൻ തുടക്കം മുതൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആകെയുള്ളത് നാലു മുറികളാണ്. ഒരു മുറി ഉപകരണങ്ങൾ സൂക്ഷിക്കാൻ, മറ്റൊന്ന് ഓഫീസ് മുറി. ബാക്കിയുള്ള രണ്ട് മുറികളിൽ ഒന്ന് വിശ്രമമുറിയും മറ്റൊന്ന് അടുക്കളയും. 45 ജീവനക്കാരുള്ള ഇവിടെ ആകെയുള്ളത് ഒരു ടോയ്ലറ്റ് മാത്രമാണ്. 45 ജീവനക്കാരിൽ ഒരു ഷിഫ്റ്റിൽ മിക്കപ്പോഴും 20 പേരെങ്കിലും ഉണ്ടാകും. ഇവർ വിശ്രമിക്കുന്നത് അടുക്കളയിലും വണ്ടിയിലുമായിട്ടാണ്. സ്റ്റേഷൻ വളപ്പിലുള്ള ഒരു കിണറിലാകട്ടെ ഫയർ സ്റ്റേഷനിലേതുൾപ്പെടെ ആറോളം മോട്ടോറുകൾ ഉണ്ട്. വേനൽക്കാലത്ത് വെള്ളത്തിന്റെ ദൗർലഭ്യം ഉയരുന്നതോടെ 200 മീറ്റർ അകലെ പോയി വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്. മാറി മാറി വരുന്ന സർക്കാരുകൾ ഒന്നും കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് സ്വന്തമായി കെട്ടിsത്തെപ്പറ്റി ചിന്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോൾ സ്ഥലം ലഭ്യമായിട്ടുണ്ടെങ്കിലും ഫയർസ്റ്റേഷൻ നിർമ്മാണത്തിനുള്ള നടപടികൾ മന്ദഗതിയിലാണ്. കൊവിഡ് വ്യാപനം അറിഞ്ഞെങ്കിലും ഭരണാധികാരികളുടെ മനസലിയുമെന്ന പ്രതീക്ഷയിലാണ് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ജീവനക്കാർ.
ഫയർസ്റ്രേഷൻ പൂട്ടി
കൊവിഡ് വ്യാപനത്തെ തുടർന്ന് കെട്ടിടം അടച്ചതിനാൽ സമീപത്തെ സ്വകാര്യ സ്കൂളിലാണ് നിലവിൽ ഫയർസ്റ്രേഷൻ താത്കാലികമായി പ്രവർത്തിക്കുന്നത്. കൊവിഡ് നെഗറ്റീവായ കാഞ്ഞിരപ്പള്ളിയിലെ ഉദ്യോഗസ്ഥരെ കൂടാതെ പാലാ, ഈരാറ്റുപേട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജോലിക്കുണ്ട്.
സ്ഥലം റെഡിയാണെങ്കിലും...
കാഞ്ഞിരപ്പള്ളി - മണിമല റോഡിലെ മണ്ണാറക്കയം അമ്പലം ഭാഗത്ത് പൊതുമരാമത്ത് റോഡിന്റെ പുറമ്പോക്കിലെ 20 സെന്റ് സ്ഥലമാണ് അളന്നു തിരിച്ച് സ്കെച്ച് തയ്യാറാക്കിയത്. നിലവിലെ 10 മീറ്റർ കൂടാതെ ഭാവിയിൽ റോഡിന് ആവശ്യമായി വന്നേക്കാവുന്ന 5 മീറ്റർ കൂടി ഉൾപ്പെടുത്തിയാണ് സ്കെച്ച് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് എൻ.ഒ.സി നൽകാത്തതാണ് ഫയർസ്റ്റേഷൻ നിർമ്മാണത്തിന് വിലങ്ങുതടിയായിരിക്കുന്നത്.