ആറ്റിങ്ങൽ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുദാക്കൽ പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഗിരിജ രവികുമാറിന്റെ വീടിനുനേരെ ഇന്നലെ രാത്രി അക്രമികൾ കല്ലെറിഞ്ഞെന്ന് പരാതി. ഗിരിജയുടെ മൂത്തമകൻ രാകേഷ് വിദേശത്താണ്. ഇയാൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതാവും വിരോധത്തിന് കാരണമെന്നാണ് വീട്ടുകാർ പറയുന്നത്.
രാത്രി 12ഓടെയാണ് ആക്രമണമുണ്ടായത്. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.