വെള്ളനാട്: കൊവിഡ് വ്യാപനം കൂടിയതോടെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആരോഗ്യം- പൊലീസ്- പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മൂന്ന് സി.എച്ച്.സികൾ മുഖേന പരിശോധനകളുടെയും പ്രതിരോധ വാക്സിനേഷന്റെയും നടപടികൾ സുഗമമാക്കും. അസുഖം ബാധിച്ചവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് ആംബുലൻസുകൾ നൽകാനും പ്രതിരോധ നടപടികൾ കർശനമാക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ആദിവാസി കേന്ദ്രങ്ങളിൽ പരിശോധനയ്ക്കും വാക്സിനേഷനും പൊലീസിന്റെ സഹായം തേടുന്നതിന് വിതുര, കുറ്റിച്ചൽ, തൊളിക്കോട് പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചിച്ച് ബ്ലോക്ക്‌‌തല കൺട്രോൾ റൂം തുറക്കുന്നതിനും തീരുമാനമായി. വെള്ളനാട് സി.എച്ച്.സിയിൽ പരിശോധനയ്ക്കെത്തുന്നവർക്ക് സുരക്ഷിതമായി നിൽക്കുന്നതിന് ഷെഡ് നിർമ്മിക്കാനും മറ്റ് ആശുപത്രികളിൽ എത്തുന്നവർക്ക് ഇരിപ്പിടത്തിനുള്ള സൗകര്യങ്ങളും ഉറപ്പാക്കാനും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.