police

വെഞ്ഞാറമൂട്: ആശിച്ച എസ്.ഐ ജോലി നേടി ആദ്യം പ്രാക്ടിക്കൽ ട്രയിനിംഗിന് നിയോഗിക്കപ്പെട്ടത്‌ കൊവിഡ്‌ ഡ്യൂട്ടിക്കാണെന്ന് അറിഞ്ഞിട്ടും പരിഭ്രമിക്കാതെ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു എസ്.ഐയായി ജോലിയിൽ പ്രവേശിച്ച അരുൺ രാജും ജിഷ്ണുവും മുഹമ്മദ് സിയാദും മഹേഷും ബിനുവും അടങ്ങിയ അഞ്ചംഗ സംഘം. ഇവരെല്ലാം വെഞ്ഞാറമൂടുകാരുമാണ്.

ട്രയിനിംഗ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക്‌ ഇതുപോലൊരു തുടക്കം ഏറെ അനുഭവസമ്പത്ത്‌ നൽകുമെന്ന്‌ ഇവർ പറയുന്നു. ആദ്യ പടയൊരുക്കം കൊവിഡിനെതിരെയായിട്ടും പരിഭ്രമമില്ലാതെ ഡ്യൂട്ടിക്ക് തുടക്കം കുറിച്ചു.

എട്ട് മണിക്കൂർ ജോലി ചെയ്ത് യൂണിഫോം മാറ്റിയപ്പോഴാണ് ഒന്നു വെള്ളം കുടിക്കാനായതെങ്കിലും ഇവർക്ക് പരിഭവമോ പരാതിയോ ഇല്ല. കൊവിഡിനെതിരായ യുദ്ധത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യമാണ് ഇവരുടെ മുുഖത്ത്. ജോലിയിൽ സജീവമായ സംഘം ആദ്യഘട്ടത്തിൽ എല്ലാവർക്കും മുന്നറിയിപ്പും ബോധവത്കരണവും നൽകിയിരുന്നു. മാസ്ക് ധരിക്കാത്തവരെയും കുട്ടികളുമായി എത്തുന്നവരെയും പ്രായം ചെന്നവരെയും ബോധവത്കരിച്ചു. മാസ്ക് ധരിക്കാത്തവർക്ക് പിഴ ഈടാക്കി. മതിയായരേഖകൾ ഇല്ലാതെ എത്തിയ വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കി. യൂണിഫോം ധരിച്ച് ആദ്യ ഡ്യൂട്ടി പൂർത്തിയാക്കിയപ്പോൾ തന്നെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് അവർ പറയുന്നു. സ്വന്തം നാട്ടുകാർക്ക് പ്രതീക്ഷയും പിന്തുണയും നൽകേണ്ട ഉത്തരവാദിത്വം നിറവേറ്റാനായതിന്റെ സന്തോഷത്തിലാണ് അഞ്ചുപേരും.