തിരുവനന്തപുരം: ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വാക്‌സിനെടുക്കാനെത്തിയവർ കുഴഞ്ഞുവീണ സംഭവം ഒഴിവാക്കാൻ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ക്യാമ്പിലെത്തുന്നവർക്ക് സാമൂഹിക അകലം പാലിക്കുന്നതിനുള്ള സൗകര്യം പോലും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുപോലും തിരക്ക് ക്രമീകരിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടാകാത്തത് വീഴ്ചയാണ്. ജിമ്മി ജോർജ് സ്റ്റേഡിയത്തിന് പുറമേ വാക്‌സിനേഷൻ കേന്ദ്രത്തിനായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഉപയോഗിക്കാം. സ്റ്റേഡിയത്തിലെ ഭാഗ്യമാല ഉൾപ്പെടെയുള്ള ഹാളുകളിൽ കാത്തിരിപ്പ് സൗകര്യം ഒരുക്കാവുന്നതാണ്. മുതിർന്ന പൗരന്മാർക്ക് ക്യാമ്പിൽ പ്രത്യേക സൗകര്യം ഉണ്ടാകണം. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ നിന്ന് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച വ്യക്തിക്ക് രണ്ടാമത്തെ ഡോസിനായി വിതുര ആശുപത്രിയിലാണ് പോകേണ്ടിവന്നത്. അതിനാൽ സമീപ ആശുപത്രികളിൽ നിന്നുതന്നെ വാക്‌സിനേഷൻ സ്വീകരിക്കാൻ സൗകര്യമൊരുക്കണമെന്നും വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു.