തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം വിലയിരുത്തുന്നതിനും ശക്തമാക്കുന്നതിനുമായി മേയർ ആര്യാരാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ സർവകക്ഷി യോഗം ചേർന്നു. നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ സേവനം മുഴുവൻ ജനങ്ങളിലെത്തിക്കാൻ എല്ലാ സോണൽ/സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂം നമ്പറായ 04712377702, 2377706 എന്നീ നമ്പറുകൾ പ്രദർശിപ്പിക്കാനും സാനിട്ടേഷൻ പ്രവർത്തനങ്ങൾ വാർഡ് അടിസ്ഥാനത്തിൽ ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു. കിഴക്കേക്കോട്ട, തമ്പാനൂർ തുടങ്ങി ജനങ്ങൾ കൂട്ടം കൂടാൻ സാദ്ധ്യതയുളള 11 കേന്ദ്രങ്ങളിൽ സ്ഥിരം അറിയിപ്പ് സംവിധാനം കൊവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെ നടപ്പിലാക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാഭരണകൂടവുമായി ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുടെ സംയുക്ത യോഗം വിളിക്കാൻ തീരുമാനിച്ചു. വാർഡ് തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ 25 അംഗ വോളന്റിയർ ടീമിനെ രൂപീകരിക്കും.