fg

വർക്കല: 2005ൽ പ്രവർത്തനം നിറുത്തലാക്കിയ തൊടുവേ കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കുടിവെള്ള വിതരണം തുടങ്ങിയ ആദ്യഘട്ടത്തിൽ 10 പൊതു ടാപ്പുകളും,100 ഓളം ഗാർഹിക കണക്‌ഷനുകളും ഉണ്ടായിരുന്നു.ചെമ്മരുതി,വെട്ടൂർ, ഇടവ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള വിതരണവും ഒരുകാലത്ത് തൊടുവേയിൽ നിന്നായിരുന്നു.ശിവഗിരി കുന്നുകളുടെ താഴ് വാരത്തുനിന്ന് ആരംഭിക്കുന്ന ഉറവ് ജലം ശേഖരിച്ചാണ് കുടിവെള്ളം വിതരണം നടന്നത്.പദ്ധതിയുടെ ഭാഗമായി സെഡിമേന്റെഷൻ ടാങ്ക്, ഫിൽറ്റർ ബെഡ്,ശുദ്ധീകരിച്ച വെള്ളം ശേഖരിക്കുവാനുള്ള ടാങ്ക്, പമ്പ് ഹൗസ്, ജീവനക്കാർക്ക് താമസിക്കുന്നതിനായി 2 ക്വാർട്ടേഴ്സുകൾ എന്നിവ ഇവിടെ സ്ഥാപിച്ചിരുന്നു. ഇതെല്ലാം ഇന്ന് കാടുകയറി കിടക്കുകയാണ്.

പദ്ധതി നവീകരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കാൻ മുൻ സർക്കാരിന്റെ കാലത്ത് പ്രത്യേക അനുമതി നൽകിയിരുന്നു. എന്നാൽ പമ്പിംഗ് സ്റ്റേഷന്റെ ചുറ്റുമതിൽ നിർമ്മാണം മാത്രമാണ് ആകെ നടന്നത്. വർഷാവർഷം ജല അതോറിട്ടിയുടെ ഉന്നതതല ഉദ്യോഗസ്ഥർ തൊടുവേ പദ്ധതി സ്ഥലം സന്ദർശിച്ച് പരിശോധനയും പഠനങ്ങളും, ടെസ്റ്റുകളും നടത്തി പോകുന്നതല്ലാതെ വർക്കലയിലെ ഈ പരമ്പരാഗത ജലസ്രോതസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

പദ്ധതി ഇങ്ങനെ

1956ലാണ് വർക്കല റൂറൽ വാട്ടർ സപ്ലൈ സ്കീമിന് കീഴിൽ തൊടുവേ പദ്ധതി ആരംഭിച്ചത്. വർക്കലയിലും വെട്ടൂർ ഗ്രാമപഞ്ചായത്തിലെ കുറച്ചു പ്രദേശങ്ങളിലും ശുദ്ധജലം വിതരണം ചെയ്യുന്നതിനായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. മുൻപ് ഗ്രാമപഞ്ചായത്തായിരുന്ന വർക്കലയ്ക്കും പരിസരപ്രദേശങ്ങൾക്കും ആശ്വാസമേകിയ കുടിവെള്ള പദ്ധതിയാണ് ഇന്ന് അനാഥമായി കിടക്കുന്നത്.

ഇന്നത്തെ അവസ്ഥ

വർക്കല അർബൺ ജലവിതരണ പദ്ധതി പ്രകാരം പുത്തൻചന്ത, രഘുനാഥപുരം, ഇടവ, ഇലകമൺ, എന്നിവിടങ്ങളിലെ ഓവർ ഹെഡ് ടാങ്കുകളിൽ നിന്നും വെള്ളം നിറയ്ക്കാൻ സാധിച്ചതോടെ തൊടുവേയെ അധികൃതർ കൈവിട്ടു. തൊടുവെയിലേ കിണർ, കുളം, വറ്റാത്ത കുളം, പമ്പ് ഹൗസ്, ജലസംഭരണി, മോട്ടോറുകൾ, പമ്പ് സെറ്റുകൾ, കൈതോട്, ക്വാർട്ടേഴ് സുകൾ തുടങ്ങിയവ കാട് കയറിയും ജീർണാവസ്ഥയിലുമായി. പമ്പിംഗ് സ്റ്റേഷനുള്ളിൽ ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ പൈപ്പുകൾ ഉപയോഗശൂന്യവുമായി.

പ്രവർത്തനം നിലയ്ക്കാൻ കാരണം

2004ൽ വാമനപുരം പദ്ധതിയിൽ നിന്നും വർക്കലയിലേക്ക് കുടിവെള്ളം എത്തിയതോടെ പമ്പിംഗ് സ്റ്റേഷന്റെ പ്രവർത്തനവും നിലച്ചു. പദ്ധതിക്ക് കീഴിൽ അക്കാലത്ത് 150 ഓളം പൊതു ടാപ്പുകളും, രണ്ടായിരത്തിലധികം ഗാർഹിക കണക്‌ഷനുകളുമുണ്ടായിരുന്ന സമയത്താണ് പമ്പിംഗ് സ്റ്റേഷന്റെ പ്രവർത്തനം നിറുത്തലാക്കിയത്. പിന്നീട് ശിവഗിരി തീർത്ഥാടനക്കാലങ്ങളിൽ പമ്പിംഗ് നടത്തുകയും തീർത്ഥാടനം കഴിയുമ്പോൾ നിറുത്തുകയുമാണ് ചെയ്തത്. കാലക്രമേണ ഇതും ഇല്ലാതായി.