തിരുവനന്തപുരം: വാക്‌സിനെടുക്കാനുള്ള എല്ലാവരും ഓൺലൈൻ രജിസ്‌ട്രേഷനിൽ ലഭിക്കുന്ന സമയക്രമം കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. അപ്പോയ്ന്റ്‌മെന്റ് ലഭിക്കുന്ന മുഴുവൻ പേർക്കും സമയക്രമമനുസരിച്ചു വാക്‌സിൻ നൽകാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്ക് അതേ ദിവസംതന്നെ വാക്‌സിൻ ലഭിക്കും,​ ഇക്കാര്യത്തിൽ ആശങ്ക വേണ്ട. ടൈം സ്ലോട്ട് പ്രകാരമെത്തുന്ന എല്ലാവർക്കും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മുൻഗണനാ ക്രമമനുസരിച്ചു ടോക്കൺ നൽകും. ടോക്കൺ വിളിക്കുന്നതുവരെ വിശ്രമിക്കാൻ എല്ലായിടത്തും സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രായമായവർക്കും അവശതയുള്ളവർക്കും പ്രത്യേക ഇരിപ്പിടങ്ങളും സജ്ജമാണ്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും കളക്ടർ പറഞ്ഞു.