പൂവാർ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇല്ലാത്ത സാഹചര്യത്തിൽ വാക്സിൻ വിതരണത്തിന് ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുന്ന പ്രമേയം പഞ്ചായത്ത് കമ്മിറ്റി പാസാക്കി. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സർവകക്ഷിയോഗവും അടിയന്തര പഞ്ചായത്ത് കമ്മിറ്റിയും കൂടിയാണ് പ്രമേയം പാസാക്കിയത്. വാർഡ് തല ദ്രുതകർമ്മസമിതി പുനഃസംഘടിപ്പിക്കുക, ബോധവത്കരണത്തിന്റെ ഭാഗമായി
വീടുകളിൽ കൊവിഡ് പ്രതിരോധ ലഘുലേഖ എത്തിക്കുക, ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്യുക, കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുക, ആയുർവേദ, സിദ്ധ, ഹോമിയോ ആശുപത്രികളിൽ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരുടെ വിവരം പഞ്ചായത്തിന് കൈമാറുക, വാർഡ് തല ദ്രുത കർമ്മ സേനയ്ക്ക് പൾസ് ഓക്സിമീറ്റർ വാങ്ങി നൽകുക, മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കെ. ചെല്ലപ്പൻ, സെക്രട്ടറി ഹരിൻ ബോസ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കാഞ്ഞിരംകുളം സർക്കിൾ ഇൻസ്പെക്ടർ, ആരോഗ്യപ്രവർത്തകർ, വില്ലേജ് ഓഫീസർ, വിവിധ കക്ഷിരാഷ്ട്രീയനേതാക്കൾ, വ്യാപാരിവ്യവസായി പ്രതിനിധികൾ, കുടുംബശ്രീ ചെയർപേഴ്സൻ തുടങ്ങിയവർ പങ്കെടുത്തു.