കാട്ടാക്കട: കൊവിഡ് വ്യാപനം രൂക്ഷമായ മലയോര മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമായി തുടരും. മിക്ക പഞ്ചായത്തുകളിൽ ഇന്നലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായിരുന്നു. ഈ നിരക്ക് കുറയുന്നതുവരെ നിരോധനാജ്ഞ തുടരും. കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ, കള്ളിക്കാട്, വെള്ളനാട്, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം തടയാൻ അതത് ഗ്രാമ പഞ്ചായത്തുകൾ കർശന നടപടികൾ സ്വീകരിച്ചു. അനാവശ്യമായി റോഡിലിറങ്ങുന്നവരെ നിയന്ത്രിക്കാനും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ പിടികൂടാനും പ്രത്യേക സ്ക്വാഡുകൾ രംഗത്തെത്തി. മിക്ക പഞ്ചായത്തുകളിലും നൂറുകണക്കിന് നിയമ ലംഘകർക്കാണ് പൊലീസ് പിഴയടിച്ചത്. കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ആര്യനാട് പഞ്ചായത്തിലെ പള്ളിവേട്ടയിൽ വീട്ടിൽ ചികിത്സയിലായിരുന്ന സീനത്ത് ബീവിയെ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ഇവിടെ രണ്ടുപേർ വീട്ടിൽ ചികിത്സയിലും മറ്റുള്ളവർ ക്വാറന്റയിനിലുമാണ്. ഇതിനിടയിൽ കൂടുതൽ രോഗികൾ ഉണ്ടായാൽ അവരെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും മിക്ക ഗ്രാമ പഞ്ചായത്തുകളും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ്. പൂവച്ചൽ എസ്.കെ ഓഡിറ്റോറിയത്തിലും കാട്ടാക്കട വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിലും നൂറുപേരെ വീതം കിടത്താനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയത്. വെള്ളനാട്ടിലെ സാരാഭായ് എഞ്ചിനിയറിംഗ് കോളേജിലും ആര്യനാട് ഗ്രാമ പഞ്ചായത്തിൽ താന്നിമൂട് പാരിഷ് ഹാളിന് സമീപത്തെ കെട്ടിടത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാൻ നടപടികൾ ആരംഭിച്ചു. കുറ്റിച്ചലിൽ വീടുകളിൽ ചികിത്സാ സൗകര്യമില്ലാത്ത 34 പേരെ നിരീക്ഷിക്കുന്നതിനായി പരുത്തിപ്പള്ളി ഗവ. എൽ.പി സ്കൂൾ നാളെ മുതൽ ഡൊമിസിലിയറി കെയർ സെന്ററായി പ്രവർത്തനമാരംഭിക്കുമെന്ന് പരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജോയി ജോൺ അറിയിച്ചു.