നെടുമങ്ങാട്: കൊവിഡിന്റെ ആശങ്കയി‌ൽ വഴിമുട്ടി സ്കൂൾ ബസ് ഡ്രൈവർമാരുടെയും ടാക്സി ഡ്രൈവർമാരുടെയും ജീവിതം. പതിറ്റാണ്ടുകളായി വളയം പിടിച്ച് കുടുംബം പോറ്റിയിരുന്ന ഡ്രൈവർമാർ നിയന്ത്രണങ്ങളിൽ കുടുങ്ങി വീർപ്പുമുട്ടലിലാണ്. കുഞ്ഞുങ്ങളെ സുരക്ഷിതമായി സ്കൂളിലേക്കും തിരികെ വീട്ടിലേക്കും എത്തിച്ചിരുന്ന സ്കൂൾ ബസ് ഡ്രൈവർമാരുടെ ജോലി നഷ്ടമായിട്ട് മാസങ്ങളായി. ഭാര്യയുടെ കെട്ടുതാലി വിറ്റും പലിശയ്ക്കെടുത്തും നിരത്തിലിറക്കിയ ടാക്സി കാറുകൾ ഓട്ടം നിലച്ചതിനെ തുടർന്ന് ഉടമകൾ കടക്കെണിയിലാണ്. സ്വകാര്യ ബസുകളിൽ ജോലിയില്ലാതായതോടെ ജീവിതം കീഴ്മേൽ മറിഞ്ഞ ഡ്രൈവർമാരും നിരവധിയാണ്.

ഭാവിയെക്കുറിച്ച് പറയുമ്പോൾ ആശങ്ക മാത്രമാണ് ഇവർക്ക് ബാക്കി. നിയന്ത്രണങ്ങൾ നീക്കിയാൽ മാത്രമേ പല സ്വകാര്യ സ്കൂളുകളുടെയും ഡ്രൈവർമാർക്ക് ശമ്പളം ലഭിക്കൂ. വേനലവധിക്കാലത്ത് ശമ്പളം നൽകുന്ന പതിവ് മിക്ക സ്‌കൂളുകൾക്കുമില്ല. ചില സ്കൂളുകളൊഴികെ ബാക്കിയെല്ലായിടത്തും ഒരുവർഷത്തെ ശമ്പളം നൽകാനുണ്ട്. രണ്ടാം തരംഗ ഭീതി പരന്നപ്പോൾ തന്നെ ബസുകളും ടാക്സി കാറുകളും ഷെഡിലൊതുക്കാൻ നിർദേശം കിട്ടി.

ബസ് ഓടിച്ചുകിട്ടുന്ന വരുമാനത്തെ ആശ്രയിക്കുന്നവരിൽ ഒട്ടുമിക്കയാളുകളും 50 വയസ് പിന്നിട്ടവരാണ്. സ്വകാര്യ ബസുകളായിരുന്നു യുവാക്കളായ ഡ്രൈവർമാരുടെ ആശ്രയം. എന്നാൽ, സ്വകാര്യ ബസുകളും ഓട്ടം നിറുത്തിയതോടെ ഇവരുടെ കുടുംബങ്ങളും ദുരിതത്തിലായി. പല ഡ്രൈവർമാരും ഇന്ന് വഴിയോരക്കച്ചവടക്കാരായി മാറി.

കുട്ടിക്കാലം തൊട്ട് വളയം പിടിച്ചു തുടങ്ങിയതിനാൽ പുതിയൊരു ജോലി പഠിച്ചെടുത്ത് ചെയ്യുകയെന്ന് പ്രായംചെന്നവർക്ക് ബുദ്ധിമുട്ടാണ്. 10 മാസം തുടർച്ചയായി ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും സ്കൂൾ ഡ്രൈവർമാരുടെ ജോലി തിരഞ്ഞെടുത്തത്. അടിക്കടിയുള്ള നിയന്ത്രങ്ങൾ ജീവിതയാത്രയുടെ ബാലൻസ് തെറ്റിച്ച അവസ്ഥയിലാണെന്ന് മുപ്പത് വർഷമായി നെടുമങ്ങാട് പട്ടണത്തിൽ ടാക്സി ഓടിച്ച് ഉപജീവനം നയിക്കുന്ന നെട്ടിറച്ചിറയിൽ എസ്. സുരേന്ദ്രൻ പറയുന്നു. തൊഴിൽ നഷ്ടമായ ഡ്രൈവർമാരുടെ സംരക്ഷണത്തിന് സർക്കാരും തദ്ദേശസ്ഥാപനങ്ങളും പദ്ധതി തയ്യാറാക്കണമെന്നാണ് ഇവരുടെ ആവശ്യം.