മലയിൻകീഴ്: തളർന്നുവീണ കൊവിഡ് ബാധിതനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് അനുവദിക്കാത്തതിനെ തുടർന്ന് നാട്ടുകാർ സ്വകാര്യ ആംബുലൻസിൽ രോഗിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിളപ്പിൽശാല ചൊവ്വള്ളൂരിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഗൃഹനാഥനാണ് ഈ ദുരവസ്ഥ. ഇയാളും ഭാര്യയും രണ്ട് മക്കളും രോഗബാധിതരായി വീട്ടിൽ കഴിയുകയാണ്.
ഹൃദ്രോഗിയായ ഇയാൾ ഇന്നലെ ഉച്ചയോടെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ വിളപ്പിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ വിവരമറിയിച്ചു. ആശുപത്രി അധികൃതർ ഉടൻ തന്നെ കളക്ടറേറ്റിലെ വാർ റൂമിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിട്ടുനൽകാൻ ആംബുലൻസുകൾ ഇല്ലെന്നും സ്വന്തം വാഹനത്തിൽ രോഗിയോട് ആശുപത്രിയിൽ പോകാനുമാണ് വാർ റൂമിൽ നിന്ന് അറിയിപ്പ് കിട്ടിയത്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും രോഗിയെ ആശുപത്രിയിലെത്തിക്കാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ നാട്ടുകാരിൽ ചിലർ കാട്ടാക്കടയിൽ നിന്ന് സ്വകാര്യ ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വൈകിട്ട് 6.30ന് രോഗിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് രോഗിയായ ഭാര്യയും ഇയാൾക്കൊപ്പമുണ്ട്.