നെടുമങ്ങാട്:താലൂക്കിൽ ടെസ്റ്റ് പോസിറ്റിവ് നിരക്ക് 20 ശതമാനത്തിനുമുകളിലെത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പും പൊലീസും തീരുമാനിച്ചു. 200ലേറെ പോസിറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. നഗരസഭ- 63, ആനാട് - 28, വെള്ളനാട് -15, ആര്യനാട് - 11,കന്യാകുളങ്ങര - 6, പുല്ലമ്പാറ - 5 പനവൂർ -8 എന്നിങ്ങനെയാണ് ഒടുവിൽ ലഭിച്ച വിവരം.ആർ.ടി.പി.സി.ആർ പരിശോധന ഫലം ലഭിക്കാനുണ്ട്. പരിശോധന നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉഴമലയ്ക്കൽ,വിതുര,ആര്യനാട്, പെരിങ്ങമ്മല,കല്ലറ,ഭരതന്നൂർ,ആനാട്,വാമനപുരം,മാണിക്കൽ,പുല്ലമ്പാറ,ആനാകുടി,കന്യാകുളങ്ങര എന്നിവിടങ്ങളിൽ റാപ്പിഡ് ടെസ്റ്റുകൾ നടത്തും. മുൻകൂട്ടി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർക്ക് കോവിഷീൽഡ് വാക്സിൻ കുത്തിവെയ്പ്പ് ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ആര്യനാട്,പാലോട്,കല്ലറ, കന്യാകുളങ്ങര,വാമനപുരം,വെള്ളനാട് എന്നീ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററുകളിലും നടക്കും.പ്രൈമറി ഹെൽത്ത് സെന്ററുകളിലും മറ്റു കേന്ദ്രങ്ങളിലും വാക്സിനേഷൻ നിറുത്തി വച്ചിരിക്കുകയാണ്.ലോക്കൽ പൊലീസ് വാഹന പരിശോധനയും പിഴ ഈടാക്കലും ഇന്ന് മുതൽ വീണ്ടും കർശനമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്ന അരുവിക്കരയിലും ഉഴമലയ്ക്കലിലും സർവകക്ഷി യോഗങ്ങൾ ചേർന്ന് വാർഡുതല പ്രതിരോധ പ്രവർത്തങ്ങൾ അവലോകനം നടത്തി.അരുവിക്കരയിൽ 225 പോസിറ്റിവ് കേസാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധുവിന്റെ അദ്ധ്യക്ഷതയിൽ വൈഷ്‌ണവി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഡോ.അഞ്ചുമറിയം ജോൺ,ഡോ.മെഹറുന്നിസ,അരുവിക്കര പൊലീസ് ഇൻസ്‌പെക്ടർ ബിജുകുമാർ എന്നിവരും ജനപ്രതിനിധികളും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും പൊതുപ്രവർത്തകരും പങ്കെടുത്തു.ക്വാറന്റൈൻ സെന്ററുകൾ സജ്ജീകരിക്കാനും വാർഡുതല കർമ്മസേനകളുടെ പ്രവർത്തനം പരിശോധിക്കാനും തീരുമാനിച്ചു.