പോത്തൻകോട്: ദേശീയപാതയിൽ പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവർ കവർന്ന സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രധാന പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്. അക്രമണത്തിൽ നേരിട്ട് ഇടപെട്ട നാലുപേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തിട്ടും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ക്വട്ടേഷൻ സംഘത്തെ അറസ്റ്റുചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.സംഭവത്തിൽ ഇപ്പോൾ അറസ്റ്റിലായവരെ നിയോഗിച്ച കഴക്കൂട്ടം സ്വദേശിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചെങ്കിലും ഇയാൾ ഒളിവിലാണ്. സ്വർണവ്യാപാരിയുടെ യാത്രയെക്കുറിച്ച് ക്വട്ടേഷൻ സംഘത്തിന് വിവരം കൈമാറിയ നെയ്യാറ്റിൻകര സ്വദേശിയെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമവും വിജയിച്ചില്ല. കവർച്ച ആസൂത്രണം ചെയ്‌ത സംഘത്തിലെ പ്രധാനി തലസ്ഥാനത്തുണ്ടായിരുന്നെങ്കിലും സംഭവശേഷം സംസ്ഥാനം വിട്ടെന്നാണ് വിവരം.