തിരുവനന്തപുരം: മഥുര ജയിലിൽ കൊവിഡ് ബാധിച്ച് കഴിയുന്ന മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചികിത്സനിഷേധിക്കുന്ന യു.പി സർക്കാരിന്റെ സമീപനം മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാപ്പനെ അടിയന്തരമായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റണം. സിദ്ദിഖിന്റ മോചനത്തിനായി കേരള പത്രപ്രവർത്തക യൂണിയൻ നടത്തിയ കരിദിനാചരണവും ജി.പി.ഒയ്ക്കു മുന്നിലെ ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെടുമെന്നും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനായി ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അദ്ധ്യക്ഷത വഹിച്ചു. സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള സി.പി.എം നേതാവ് എം.എം. ബേബിയുടെ സന്ദേശം വായിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, കെ.യു.ഡബ്‌ള്യു.ജെ. ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി. അഭിജിത്ത്, ആർ. കിരൺ ബാബു, അനുപമ ജി. നായർ, ഋഷി കെ.മനോജ്, ഒ.രതി എന്നിവർ പ്രസംഗിച്ചു.