പോത്തൻകോട്: രോഗിയെ ആശുപത്രിയിലാക്കിയശേഷം നോമ്പ് സമയമായതിനാൽ വീട്ടിലേക്ക് മടങ്ങിയ ഓട്ടോ ഡ്രൈവറെ വാഹനം തടഞ്ഞുനിറുത്തി അക്രമിസംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. കണിയാപുരം തെക്കേവിള അർഷാദ് മൻസിലിൽ അർഷാദിനാണ് (22 ) മർദ്ദനമേറ്റത്. പി.വി.സി പൈപ്പിനകത്ത് ഇരുമ്പ് പൈപ്പ് കയറ്റി അതുപയോഗിച്ചായിരുന്നു ആക്രമണം. ഇന്നലെ വൈകിട്ട് 5ന് കണിയാപുരം മസ്‌താൻമുക്കിന് സമീപമായിരുന്നു സംഭവം.
സാരമായ പരിക്കേറ്റ് റോഡിൽ ബോധരഹിതനായി വീണ അർഷാദിന്റെ പക്കലുണ്ടായിരുന്ന പണവും മൊബൈൽ ഉൾപ്പെടെയുള്ള വസ്തുക്കളും കൈക്കലാക്കി സംഘം കടന്നുകളഞ്ഞെന്ന് ബന്ധുക്കൾ മംഗലപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അർഷാദിനെ ഓടിക്കൂടിയ നാട്ടുകാരാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചന്തവിള സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചു.