കോവളം: കൊവിഡിന്റെ രണ്ടാം വരവിലും വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിംഗിന് നേട്ടം. ഒറ്റ ദിവസം ഏറ്റവും കൂടുതൽ ജീവനക്കാർ ഇന്നലെ ക്രൂചെയ്ഞ്ചിംഗിന്റെ ഭാഗമായി. നാല് കപ്പലുകളിലായി ആകെ 80 ജീവനക്കാർ വിഴിഞ്ഞത്ത് കയറുകയും ഇറങ്ങുകയും ചെയ്‌തു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ക്രൂചെയ്ഞ്ചിംഗിൽ കപ്പലുകളിൽ നിന്ന് ഇറങ്ങിയവർ പരിശോധനകൾക്ക് ശേഷം ക്വാറന്റൈനിൽ പ്രവേശിച്ചു.
സിംഗപ്പൂരിൽ നിന്ന് മാൾട്ടയിലേക്ക് പോകുകയായിരുന്ന നാവിക് 8 അമോലിറ്റ് എന്ന ടാങ്കറും ആഫ്രിക്കൻ റോബിൻ, ആഫ്രിക്കൻ ലുണ്ടായു, ഗാസ് അക്വാന്റിയസിന്റെ എന്നീ ചരക്കുകപ്പലുകളുമാണ് ഇന്നലെ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. സിംഗപ്പൂരിൽ നിന്ന് മാൾട്ടയിലേക്ക് പോകുകയായിരുന്ന നാവിക് 8 അമോലിറ്റിൽ നിന്ന് 14 ജീവനക്കാർ കരയ്ക്കിറങ്ങുകയും പകരം 14 പേർ കപ്പലിൽ പ്രവേശിക്കുകയും ചെയ്‌തപ്പോൾ ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ നിന്നും യു.എ.ഇയിലേക്ക് പോകുകയായിരുന്ന ആഫ്രിക്കൻ റോബിനിൽ നിന്ന് 11 പേർ ഇറങ്ങി പകരം 11 പേർ തിരികെ കപ്പലിൽ പ്രവേശിച്ചു.
എരിത്രിയയിലെ മസാവയിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രാമദ്ധ്യേ എത്തിയ ആഫ്രിക്കൻ ലുണ്ടായിൽ നിന്ന് 12 പേരും ഇന്ത്യയിലെ ധാമ്രായിൽ നിന്ന് ഖത്തറിലേക്ക് പോകുകയായിരുന്ന ഗാസ് അക്വാറ്റിയസിന്റെയിൽ നിന്ന് നാലുപേരും വിഴിഞ്ഞത്ത് കരയ്‌ക്കിറങ്ങിയപ്പോൾ പകരം 12 പേർ ആഫ്രിക്കൻ ലുണ്ടായിലും രണ്ടുപേർ ഗാസ് അക്വാറ്റിയസിന്റെയിലും പ്രവേശിച്ചതോടെയാണ് കപ്പലുകൾ തീരംവിട്ടത്. ആകെ 39 പേർ ഇറങ്ങുകയും 41 പേർ കപ്പലുകളിൽ തിരികെ പ്രവേശിക്കുകയും ചെയ്‌തതായി മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു.