തിരുവനന്തപുരം: ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകളടക്കം താത്കാലികമായി പൂട്ടേണ്ടിവരുമെന്ന നിർദ്ദേശം വന്നതിന് പിന്നാലെ ഔട്ട്ലെറ്റുകളിൽ തിരക്കും വർദ്ധിച്ചു. അപ്രതീക്ഷിതമായി ആൾക്കൂട്ടം വർദ്ധിച്ചതോടെ പലയിടത്തും പൊലീസിന് ഇടപെടേണ്ടിവന്നു. 7.30നുശേഷവും ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ആളുകൾ തമ്പടിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. ചിലർ ക്യൂവിൽ നുഴഞ്ഞുകയറിയതോടെ വാക്കേറ്റവും ഉന്തുംതള്ളുമായി.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നലെയാണ് ഔട്ട്ലെറ്റുകൾ തുറന്നത്. രാവിലെ മുതൽ വലിയ തിരക്കുമുണ്ടായിരുന്നു.
എന്നാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബെവ്കോ ഔട്ട്ലെറ്റുകളും ബാർ ഹോട്ടലുകളും ക്ലബുകളും തുറക്കില്ലെന്ന് രാത്രി വൈകിയാണ് സർക്കാരിന്റെ ഔദ്യോഗിക ഉത്തരവിറങ്ങിയത്.
ബാറുകൾ, ജിമ്മുകൾ, സിനിമാ തിയേറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്‌സ്, നീന്തൽക്കുളം, പാർക്ക്, വിദേശമദ്യവില്പനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തത്കാലം നിറുത്തേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.