bridge

കിളിമാനൂർ: കൊച്ചു പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകുന്നോടെ കൊച്ചുപാലം വലിയ പാലമാകുന്നു. പാലത്തിന് രണ്ടു കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. അതിന്റെ പണികൾ നാളെ മുതൽ ആരംഭിക്കുന്നതോടെയാണ് പാലത്തിന് പുതിയ മുഖം വരുന്നത്.

സംസ്ഥാന പാതയെയും ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിളിമാനൂർ - ആലം കോട് റോഡിൽ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള കൊച്ചു പാലമാണ് കാലപ്പഴക്കത്താലും സ്ഥലപരിമിതിയാലും ബുദ്ധിമുട്ടിയിരുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ കൈവരികൾ തകരുകയും കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തുവരികയും ചെയ്തിരുന്നു. കൈവരികൾ തകർന്നതോടെ പാലത്തിലൂടെ കാൽ നടയാത്രയായി പോകുന്നവർ വാഹനങ്ങൾ വന്നാൽ തോട്ടിലേക്ക് വീഴുന്ന അവസ്ഥയാണുണ്ടായിരുന്നത്.

പഞ്ചായത്ത് പാലത്തിന് സമാന്തരമായി ഇരുമ്പ് നടപ്പാലം നിർമ്മിച്ചെങ്കിലും കൊച്ചു പാലത്തിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ പോകാൻ കഴിയുകയുള്ളായിരുന്നു. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമായി. ഇതെല്ലാം ചൂണ്ടികാട്ടി കേരള കൗമുദി നിരവധി തവണ വാർത്തയും നൽകിയിരുന്നു. ഇതേ തുടർന്ന് ബി. സത്യൻ എം.എൽ.എ ഇടപെടുകയും പുതിയ പാലത്തിനുള്ള ഭരണാനുമതി ലഭിക്കുകയുമായിരുന്നു.

ഈ റോഡിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആലംകോട് മുതൽ - പുതിയ കാവ് വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നവീകരിച്ചിരുന്നെങ്കിലും തുടർന്നിങ്ങോട്ട് കൊച്ചു പാലം ഉൾപ്പെടുന്ന കിളിമാനൂർ വരെയുള്ള ഒരു കിലോമീറ്റർ വികസനമില്ലാത്ത അവസ്ഥയായിരുന്നു. ഇതോടൊപ്പം ഈ ഒരു കിലോമീറ്റർ റോഡും വികസനം കൂടി നടക്കുന്നതോടെ മണ്ഡലത്തിലെ സംസ്ഥാന പാതയും, ദേശീയ പാതയും ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും അത്യാധുനിക നിലവാരത്തിലുള്ളതാകും.

കൊച്ചു പാലം നവീകരിക്കുന്നതോടൊപ്പം പുതിയകാവ് മുതൽ - കിളിമാനൂർ വരെയുള്ള ഒരു കിലോമീറ്റർ റോഡ് വികസനത്തിന് 2 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു

നിർമ്മിക്കുന്നത് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ

ഗതാഗത നിയന്ത്രണം

കൊച്ചു പാലം നവീകരിക്കുന്നതിന്റെ ഭാഗമായി പാലം പൊളിച്ചു നീക്കുന്നതിനാൽ 29മുതൽ ഗതാഗതനിയന്ത്രണമുണ്ടായിരിക്കും. ആലംകോട് ഭാഗത്തുനിന്നും കിളിമാനൂർ വഴി കൊട്ടാരക്കര ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പോകേണ്ട വലിയ വാഹനങ്ങൾ പുതിയകാവ് നിന്നും മലയാമഠം പാപ്പാല റോഡ് വഴി പാപ്പാല ജംഗ്ഷനിൽ കയറിയും കൊട്ടാരക്കര തിരുവനന്തപുരം ഭാഗത്ത്‌ നിന്ന് വരുന്ന വാഹനങ്ങൾ പാപ്പാല നിന്നും മലയാമഠം റോഡിലെത്തി പുതിയകാവ് വഴി കിളിമാനൂർ സ്റ്റാൻഡിലേക്കും അവിടെ നിന്ന് ആലം കോട്ടേക്കും പോകേണ്ടതാണ്. ഇരു ചക്രവാഹനങ്ങൾക്ക് കിളിമാനൂർ പ്രൈവറ്റ് സ്റ്റാൻഡിന് പിറകിൽ കൂടിയുള്ള റോഡ് ഉപയോഗിക്കാവുന്നതാണ്. 50 ദിവസത്തേക്കാണ് നിയന്ത്രണം.