കരിന്തളം: മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാലയുടെ ഫോൺ സംഭാഷണം വാട്സ്ആപ്പിൽ വൈറലായതോടെ കിനാനൂർ -കരിന്തളത്തെ സി.പി.എം നേതൃത്വം പ്രതികൂട്ടിൽ. തന്നെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കാതിരിക്കാൻ ഒരു ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാകമ്മിറ്റിയംഗവും മുൻ ജില്ലാകമ്മിറ്റിയംഗവുമായ മൂന്ന് നേതാക്കൾ ഇടപെട്ടെന്നാണ് സംഭാഷണത്തിലെ വിവാദഭാഗം.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ. രാജൻ, നിലവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പാർട്ടി മുൻ ഏരിയാ സെക്രട്ടറിയുമായ ടി.കെ. രവി, മുൻ ജില്ലാകമ്മിറ്റിയംഗം കെ.പി. നാരായണൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞാണ് പാർട്ടി വിമതനുമായി സംസാരിക്കുന്നത്. പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മിയ്ക്കെതിരെയും രൂക്ഷമായ ആക്ഷേപമുണ്ട്.
കാലിച്ചാമരം- പരപ്പ - ബിരിക്കുളം റോഡിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഈ റോഡിന് അനുവദിച്ച തുക കയ്യൂർ-ചീമേനി പഞ്ചായത്തിലേക്ക് കരിന്തളം ഡിവിഷനിൽ നിന്നുള്ള നിലവിലുള്ള ജില്ലാപഞ്ചായത്ത് അംഗം ശകുന്തള നിർബന്ധപൂർവം മാറ്റിയെന്ന് സംഭാഷണത്തിൽ ആരോപിക്കുന്നുണ്ട്. തന്നെ ജില്ല പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി പ്രവർത്തകർ നിർദ്ദേശിച്ചിരുന്നുവെങ്കിലും പഞ്ചായത്തിലെ മൂന്ന് പ്രമുഖ നേതാക്കൾ ഇടപെട്ട് പേര് വെട്ടുകയായിരുന്നുവെന്ന് വിധുബാല പറയുന്നുണ്ട്. .പഞ്ചായത്തിന് അനുവദിച്ച ഫണ്ട് മറ്റൊരു പഞ്ചായത്തിലേക്ക് കൊണ്ടു പോയതിൽ തന്നെ അഴിമതിക്കാരിയാക്കാൻ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം.
പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മിയെ മത്സരിപ്പിച്ചതിനെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് ആക്ഷേപിക്കുന്നുണ്ട്. മത്സരിക്കാതിരുന്നതിനാൽ താൻ രക്ഷപ്പെട്ടുവെന്നും തനിക്ക് ഇനിയൊരു പ്രശ്നവുമില്ലെന്നും പാർട്ടി പ്രവർത്തനത്തിൽ താൻ സഹകരിക്കാറില്ലെന്നും ഇവർ പറയുന്നുണ്ട്. ഇതിനിടെ ഫോൺ സംഭാഷണം ചോർന്ന വിഷയം ചർച്ച ചെയ്യാൻ വിധുബാല അംഗമായ കിനാനൂർ വെസ്റ്റ് ലോക്കൽകമ്മിറ്റി ഇന്നലെ യോഗം ചേർന്നിരുന്നു. വിധുബാലയും യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും യോഗത്തിൽ തീരുമാനമായില്ല.