kstp

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അപകടങ്ങൾക്കും മരണങ്ങൾക്കും ബ്രേക്കില്ല. റോഡിന്റെ പ്രവൃത്തി പൂർത്തിയായി 2017 മുതൽ ഇതുവരെ അപകട മരണങ്ങളുടെയും പരിക്കുകളുടെയും ഘോഷയാത്രയായിരുന്നു. മണ്ടൂർ ജുമാമസ്ജിദിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് ബൈക്ക് പള്ളി മതിലിൽ ഇടിച്ച് യുവാവ് മരിച്ചതാണ് ആദ്യ അപകട മരണം. പിന്നീട് രണ്ട് ബൈക്കുകൾ തമ്മിൽ ഇതേ വളവിൽ കൂട്ടിയിടിച്ച് പ്രവാസിയായ യുവാവും വിദ്യാർത്ഥിയും മരിച്ചു. മണ്ടൂർ ഗ്രാമത്തെ വിറങ്ങലിപ്പിച്ച് കൊണ്ട് ഉണ്ടായ ബസ് അപകടത്തിൽ ഒറ്റയടിക്ക് പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്.

താവം, ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ നിരവധി കാൽനട യാത്രക്കാരും മോട്ടോർ ബൈക്ക് യാത്രികരും സൈക്കിൾ യാത്രകാരനടക്കം വാഹനാപകടത്തിൽ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.

2017 മുതൽ 2021 വരെ പരിയാരം, പഴയങ്ങാടി, കണ്ണപുരം പൊലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ കെ.എസ്.ടി.പി റോഡിൽ നടന്ന അപകട മരണങ്ങളുടെ കണക്ക് അൻപതിലേറെയാണ്. ഗുരുതരമായി പരിക്കേറ്റവരുടെ കണക്ക് അതിന്റെ ഇരട്ടി വരും. അപകടത്തിന് കാരണമായ വാഹനങ്ങൾ ആകട്ടെ ബൈക്കുകൾ മുതൽ ബുള്ളറ്റ് ടാങ്കർ വരെയാണ്.
അവസാനമായി കെ.എസ്.ടി.പി റോഡിൽ നടന്ന അപകട മരണം ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപം പിക്കപ്പ് വാൻ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ച് പിലാത്തറ സ്വദേശിയായ യുവാവ് മരിച്ചതാണ്.

അമിത വേഗതയും
അശ്രദ്ധയും മുന്നിൽ

അപകടങ്ങൾക്ക് പ്രധാന കാരണം അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണെന്നാണ് വിലയിരുത്തൽ. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും വെളിച്ച കുറവും റോഡരികിൽ അലക്ഷ്യമായി നിർത്തിയിടുന്ന വാഹനങ്ങളും അപകടകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അപകടങ്ങൾ കുറയ്ക്കാൻ കോറിഡോർ പദ്ധതി നടപ്പിലാക്കിയെങ്കിലും അതിനന്നും അപകടങ്ങൾക്ക് അറുതിവരുത്താനായില്ല.

നൂറോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അൻപതിലേറെ ജീവനുകൾ പൊലിഞ്ഞതിനോടൊപ്പം ഗുരുതരമായോ അല്ലാതെയോ പരിക്കേറ്റവർ നിരവധിയാണ്. ചിലർ ഇപ്പോഴും ചികിത്സയിലാണ്.