പേരാമ്പ്ര: കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ മീറോട് മല ചെങ്കൽക്വാറി പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ
മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച് വ്യാപകമായി നടത്തിയ ചെങ്കൽ ഖനനത്തിന് എതിരെ ഖനനമാഫിയയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മീറോട് മല സംരക്ഷണ വേദി മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെൽ മുഖേന പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചെങ്കൽ ക്വാറി പ്രവർത്തിച്ചത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഇല്ലാതെയാണെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉദ്യോഗസ്ഥർ മീറോട് മല സന്ദർശിച്ചിരുന്നു. ക്വാറിക്കെതിരെയുള്ള പ്രദേശവാസികളുടെ നിരന്തര സമരത്തെ തുടർന്ന് ജില്ലാ കളക്ടറും കഴിഞ്ഞ ജനുവരിയിൽ മല സന്ദർശിച്ചിരുന്നു. താലൂക്കിലെ കീഴരിയൂർ, മേപ്പയ്യൂർ, തുറയൂർ പഞ്ചായത്തുകളിലെ നരിക്കോട്, കീഴരിയൂർ, കൊറവട്ട, ഇരിങ്ങത്ത്കുളങ്ങര പ്രദേശങ്ങളുടെ നിലനിൽപ്പിന്റെ ആധാരമായ മീറോട് മലയിലെ ഖനനം വ്യാപക പരാതി ഉയർത്തിയിരുന്നു.
മേഖലയിലെ ജനങ്ങളുടെ കുടിവെള്ളം, കൃഷി, ഭക്ഷണം, ശുദ്ധവായു, തൊഴിൽ തുടങ്ങിയവയെല്ലാം മലയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട് കിടക്കുന്നതാണ്. മലയുടെ ഘടനയിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും താഴ്‌വരയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായമുയർന്നു.
മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത 140 ഏക്കറും അതിലും കൂടുതലായുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയും ചേർന്നതാണ് മീറോട് മല. ഒരിക്കലും വറ്റാത്ത നീരുറവകളുണ്ടായിരുന്ന ചമ്പ ഭാഗത്തെ ചോലയിൽ പ്രദേശം വരണ്ടുണങ്ങുന്ന സ്ഥിതിയിലാണ്. കണിയാണ്ടി കൊല്ലി ഭാഗവും മഴ കഴിയുന്നതോടെ വരണ്ടുണങ്ങുന്നു. ഈ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം ഓരോ വർഷം കഴിയുന്തോറും രൂക്ഷമായി കൊണ്ടിരിക്കുന്നതായും പരാതി ഉയർന്നു.
അസംഖ്യം അമൂല്യ ഔഷധ സസ്യങ്ങൾ, അപൂർവ്വയിനം ചിത്രശലഭങ്ങൾ, മയിലും പെരുമ്പാമ്പുമടക്കമുള്ള വിവിധയിനം പക്ഷിമൃഗാദികൾ തുടങ്ങിയവയാൽ സമൃദ്ധമായ മീറോട് മല ജൈവവൈവിദ്ധ്യത്തിന്റെ കലവറ കൂടിയാണ്. നിയമ നടപടി പരിസ്ഥിതി പ്രവർത്തകരുടെ വിജയമാണെന്ന് പി.കെ. പ്രിയേഷ് കുമാർ അഭിപ്രായപ്പെട്ടു.