വർക്കല: സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃകയായിരുന്ന വർക്കല രാധാകൃഷ്‌ണൻ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ജനനേതാവായിരുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. എം.പി എന്ന നിലയിൽ ഇന്ത്യൻ പാർലമെന്റിന് അലങ്കാരമായിരുന്ന വർക്കല രാധാകൃഷ്ണന്റെ സ്‌മരണ നിലനിറുത്തുന്നതിന് നിയമസഭയുടെ സഹകരണത്തോടെ പാർലമെന്ററി സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. വർക്കല രാധാകൃഷ്‌ണന്റെ 11-ാം ചരമവാർഷിക ദിനത്തിൽ വർക്കല രാധാകൃഷ്‌ണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടന്ന അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിഭാഷക മേഖലയിലെ മികവ് പാർലമെന്ററി പ്രവർത്തനത്തിൽ വർക്കല രാധാകൃഷ്‌ണന് മുതൽക്കൂട്ടായെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഡോ. എ. നീലലോഹിതദാസൻ നാടാർ പറഞ്ഞു. മുൻ പി.എസ്.സി അംഗം കായിക്കര ബാബു, ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. പള്ളിച്ചൽ പ്രമോദ്, അഡ്വ. എം. മോഹനൻ, ജെ. ഉമാശങ്കർ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ വിമൽപ്രകാശ് സ്വാഗതവും വർക്കല രാധാകൃഷ്‌ണന്റെ കൊച്ചുമകളും സെൻസർ ബോർഡ് റീജീയണൽ ഓഫീസറുമായ പാർവതി വിമൽപ്രകാശ് നന്ദിയും പറഞ്ഞു.