spain

കാളപ്പോരുകൾക്കും കാളയോട്ടങ്ങൾക്കും പ്രസിദ്ധമാണ് യൂറോപ്യൻ രാജ്യമായ സ്‌പെയ്‌ൻ. ലോകത്തെ ഏറ്റവും അപടകം പിടിച്ച വിനോദങ്ങളിൽപ്പെടുമെങ്കിലും സ്‌പെയ്‌ൻകാരുടെ ആവേശമാണിവ. എന്നാൽ, കൊവിഡിന്റെ വരവോടെ ചരിത്രത്തിൽ മുമ്പെങ്ങും ഇല്ലാത്തവണ്ണം ശൂന്യതയിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുകയാണ് ഈ ആഘോഷങ്ങൾ. ഈ വർഷമെങ്കിലും നടത്താമെന്ന് കരുതിയിട്ടും ഫലമില്ലെന്ന് കണ്ടതോടെ സ്‌പെയ്‌നിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന പാംപ്ലോന നഗരത്തിൽ നടക്കുന്ന വിശ്വപ്രസിദ്ധമായ കാളയോട്ട മത്സരം ഇത്തവണയും റദ്ദാക്കിയിരിക്കുകയാണ്. 'സാൻ ഫെർമിൻ ഫെസ്റ്റിവൽ " എന്നറിയപ്പെടുന്ന ഈ ഉത്സവം സ്പാനിഷ് ജനതയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

കൊവിഡ് ഭീതിയൊഴിയാത്ത ഘട്ടത്തിൽ പതിനായിരങ്ങൾ തെരുവിൽ കാളയോട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തുന്നത് ദുരന്തത്തിന് വഴിവയ്ക്കും. പാംപ്ലോന തലസ്ഥാനമായുള്ള നവാരെ മേഖല സ്‌പെയ്‌നിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഒന്നാണ്. ഏകദേശം 14ാം നൂറ്റാണ്ട് മുതൽ പ്രചാരത്തിലുള്ള സാൻ ഫെർമിൻ ഫെസ്റ്റിവൽ ജൂലായ് 6 മുതൽ 14 വരെയാണ് നടക്കുന്നത്. കാളപ്പോരിനോടനുബന്ധിച്ച് പ്രത്യേക മതചടങ്ങുകളും വിവിധ കലാപരിപാടികളുമെല്ലാം നടക്കാറുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുകയും ചെയ്തിരുന്നു. ലോകപ്രശസ്ത സാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ' ദ സൺ ഓൾസോ റൈസസ് " എന്ന നോവലിലൂടെയാണ് സാൻ ഫെർമിൻ ഫെസ്റ്റിവൽ പാശ്ചാത്യ ലോകത്ത് ശ്രദ്ധയാകർഷിച്ചത്.

ലോകത്ത് ആദ്യം കൊവിഡ് കനത്ത നാശം വിതച്ച രാജ്യങ്ങളിൽ ഒന്നാണ് സ്‌പെയ്‌ൻ. ഇതുവരെ 35 ലക്ഷത്തോളം പേർക്കാണ് സ്‌പെയ്‌നിൽ ആകെ കൊവിഡ് ബാധിച്ചത്. 77,000ത്തിലേറെ പേർ മരിച്ചു. നിലവിൽ പതിനായിരത്തിൽ താഴെ കൊവിഡ് കേസുകളാണ് സ്‌പെയ്‌നിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.