ff

 തൊളിക്കോട് പഞ്ചായത്തിൽ ഒരാഴ്ചയ്ക്കിടെ 10 മരണം

വിതുരയിൽ 5 പൊലീസുകാർക്ക് കൊവിഡ്

തൊളിക്കോട് 100 പേർക്ക് കൊവിഡ്

വിതുര: മലയോരമേഖലയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിലാണ് അനവധി പേർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുകയാണ്.

മിക്ക പഞ്ചായത്തിലും ഇരുനൂറിലെറെ പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ഒരാഴ്ചയ്ക്കിടയിൽ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആര്യനാട് പഞ്ചായത്തിലും അഞ്ച് പേർ മരിച്ചു. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ അവസ്ഥയും വിഭിന്നമല്ല. രോഗം പടരുകയും മരണത്തിന്റെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ ജനം ഭീതിയിലാണ്.

ആശുപത്രികളിൽ കൊവിഡ് പരിശോധനകൾ നടത്തുകയും, ബോധവത്കരണം നൽകുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തുകളും സർവകക്ഷിയോഗം ചേർന്ന് ജാഗ്രതാസമിതികൾ രൂപീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ സംഘടനകളും ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ച് കൊവിഡിനെ ചെറുക്കാൻ രംഗത്തുണ്ട്.

പൊലീസുകാർ പ്രതിസന്ധിയിൽ

പ്രതിരോധപ്രവർത്തനങ്ങൾക്ക് ശക്തിപകരേണ്ട വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ കൊവിഡ് പിടികൂടുമെന്ന പേടി ഉള്ളിലൊതുക്കിയാണ് ഡ്യൂട്ടി നോക്കുന്നത്. സ്റ്റേഷനിലെ എസ്.ഐ അനീസിന് ആദ്യം കൊവിഡ് പിടികൂടി. ഒരാഴ്ച കഴിഞ്ഞപ്പോൾ മൂന്ന് പൊലീസുകാർക്ക് രോഗം ബാധിച്ചു. ഇന്നലെ മറ്റൊരു പൊലീസുകാരനെ കൂടി കൊവിഡ് കീഴടക്കി. അഞ്ച് പേർക്ക് കൊവിഡ് പിടികൂടിയിട്ടും ഇവരുമായി സമ്പർക്കമുള്ള മറ്റ് പൊലീസുകാർക്ക് ക്വാറന്റൈൻ അനുവദിച്ചിട്ടില്ല. പ്രശ്നം മേലാധികാരികളെ അറിയിച്ചിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

തൊളിക്കോട്ട് നിരോധനാജ്ഞ

കൊവിഡ് വ്യാപനവും, മരണവും ടെസ്റ്റ്പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചതിനെ തുടർന്ന് തൊളിക്കോട് പഞ്ചായത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഒരാഴ്ചക്കിടയിൽ കൊവിഡ് ബാധിച്ച് മൂന്ന് ആദിവാസികളടക്കം അഞ്ച് പേർ മരിച്ചു. നൂറിൽ പരം പേർക്ക് കൊവിഡ് പിടികൂടി.

വിതുരയിൽ ഇന്നലെ 38 പേർക്ക് കൊവിഡ്

വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്ന പരിശോധനയിൽ 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 38 പേ‌ർ വിതുര നിവാസികളും,10 പേർ തൊളിക്കോട് പഞ്ചായത്ത് നിവാസികളുമാണ്. പഞ്ചായത്തിൽ ഒരാഴ്ചക്കിടയിൽ ഇരുനൂറോളം പേരെയാണ് കൊവിഡ് പിടികൂടിയത്. അഞ്ച് പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പത്ത് വാ‌ർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാൻ കളക്ടർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിതുര പഞ്ചായത്തിലും നിരോധനാജ്ഞ ഏർപ്പെടുത്താൻ സാദ്ധ്യതയുണ്ട്.