കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രദർശനത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു . അറുപതു വയസിനു മുകളിലുള്ളവർക്കും പത്തുവയസിനു താഴെയുള്ളവർക്കും ദർശനത്തിനു അനുവാദമില്ല. ക്ഷേത്രത്തിനു അകത്തും പുറത്തും ഭക്തജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്. ചുരുക്കത്തിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പോകുന്നത് ദുഷ്കരമായ അനുഭവമായി മാറിയിരിക്കുന്നു. ഈ അവസ്ഥാവിശേഷത്തിന് സമീപകാലത്തൊന്നും ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല .
ഈ ചുറ്റുപാടുകളിലാണ് വീടുകളിലെ പൂജാമുറിയുടെ പ്രസക്തി വർദ്ധിക്കുന്നത്. പണ്ടൊക്കെ പൂജാമുറിയിൽ പ്രതിഷ്ഠിതമായ പരദേവതയുടെ മുമ്പിൽ തൊഴുതു പ്രാർത്ഥിച്ച് ആത്മനിർവൃതി നേടുന്നവരായിരുന്നു ഏറെപ്പേരും.
അവനവന്റെ ഉള്ളിൽ തന്നെയാണ് ഈശ്വരചൈതന്യം കുടികൊള്ളുന്നത്. സർവ വ്യാപിയായ ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ടെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഈ തത്വം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതാണ് സുരക്ഷിതം.
വി.എസ്. ബാലകൃഷ്ണപിള്ള
മണക്കാട്, തൊടുപുഴ