ആറ്റിങ്ങൽ: നഗരസഭയുടെ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററായ സി.എസ്.ഐ സ്കൂളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ - യുവജനക്ഷേമ ബോർഡ് വോളണ്ടിയർമാർ. നഗരസഭ കൗൺസിലറും ഡി.വൈ.എഫ്.ഐ നേതാക്കളുമായ ആർ.എസ്. അനൂപ്, എസ്.സുഖിൽ, വി.എസ്. നിതിൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൊവിഡ് ജാഗ്രത പ്രവർത്തനത്തിന് പ്രത്യേക പരിശീലനം ലഭിച്ച 30 വോളണ്ടിയർമാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം ചെയർപേഴ്സൺ കൈമാറിയിരുന്നു. കഴിഞ്ഞ പ്രളയത്തിലും കൊവിഡ് ഒന്നാം ഘട്ട വ്യാപന സമയത്തും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവർ നഗരസഭയോടൊപ്പം ചേർന്ന് നിർവഹിച്ചത്. തുടർന്നും നഗരസഭ നടപ്പിലാക്കുന്ന കൊവിഡ് ജാഗ്രത പ്രവർത്തനങ്ങളിൽ ഇവരുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അറിയിച്ചു.