ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ സി.എസ്.ഐ സ്കൂളിൽ ആരംഭിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ 150 കിടക്കൾ സജ്ജീകരിച്ചു. ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, കൗൺസിലർമാരായ ആർ. രാജു, ശങ്കർ.ജി, സെക്രട്ടറി എസ്. വിശ്വനാഥൻ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ബി. അജയകുമാർ, എസ്.എസ്. മനോജ്, എ.ആർ. ആരീഷ് എന്നിവർ സ്കൂളിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബ്ലോക്കുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കെട്ടിടത്തിലെ ടൊയ്‌ലെറ്റുകൾ അണുവിമുക്തമാക്കുകയും ഭക്ഷണ മാലിന്യങ്ങൾ, മെഡിക്കൽ വേസ്റ്റുകൾ, ഇ വേസ്റ്റുകൾ എന്നിവ നിർമ്മാർജ്ജനം ചെയ്യാനുള്ള സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാനും സാധന സാമഗ്രികൾ സൂക്ഷിക്കാനും പ്രത്യേകം മുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടോടെ കൊവിഡ് നോഡൽ ഓഫീസർക്ക് കെട്ടിടം കൈമാറുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.