തന്നിത്തോട് (കാസർകോട് ): ഇടമുറിയാതെ ഒഴുകുന്ന കുടിവെള്ളം സമീപത്തെ ആറ് കുടുംബങ്ങൾക്ക് പകുത്ത് നൽകി ചന്തുവിന്റെ സേവന മാതൃക. തന്നിത്തോട് ആദിവാസി കോളനിയിലെ ആറ് വീടുകളിൽ കുടിവെള്ളം എത്തുന്നത് അയൽവാസിയായ എൻ.വി. ചന്തുവിന്റെ വീട്ടുവളപ്പിൽ നിന്നാണ്. 10 വർഷം മുമ്പ് ചന്തു തന്റെ പറമ്പിൽ കുഴിച്ച കുഴൽ കിണറിൽ നിന്ന് ഇന്നും മുടങ്ങാതെ വെള്ളം പുറത്തേക്ക് ഒഴുകിയെത്തുന്നു. സമീപത്തെ കോളനിയിലെ കുടുംബങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്ത സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. നേരത്തെ ശ്രീസത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ ഇവിടെ ഒരു കിണർ കുഴിച്ചെങ്കിലും ആറ് കുടുംബങ്ങൾക്കും ആവശ്യത്തിനുള്ള വെള്ളം ഇതിലും ലഭ്യമായില്ല. കുടുംബങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് പെരിയ കല്ല്യോട്ടെ ശ്രീസത്യസായി സേവാസമിതിയുടെ നേതൃത്വത്തിൽ ഇവിടെ കുടിവെള്ളം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു.
സേവാസമിതി കല്യോട്ടിന്റെ ആത്മീയ വിഭാഗം കോ ഓർഡിനേറ്ററായ ചന്തു തന്റെ കുഴൽകിണറിൽ നിന്ന് വെള്ളം നൽകാൻ തയ്യാറായി. കുടുംബങ്ങൾക്ക് സ്ഥിരമായി കുടിവെള്ളം ലഭിക്കാനുള്ള സംവിധാനമൊരുക്കാൻ 200 മീറ്റർ ദൂരത്തിൽ ഭൂമിക്കടിയിലൂടെ പൈപ്പ് ലൈൻ വഴിയാണ് ഓരോ വീട്ടിലേക്കും വെള്ളം ലഭിക്കാൻ സൗകര്യമൊരുക്കിയത്. എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കാനുള്ള സൗകര്യമൊരുക്കാനുള്ള ചിലവ് സത്യസായി സേവാസമിതി പ്രവർത്തകർ പണപ്പിരിവില്ലാതെ സ്വയം കണ്ടെത്തുകയായിരുന്നു. സായി സേവാസമിതി പ്രവർത്തകനായ ബാലൻ കേളോത്തും ചന്തുവും ചേർന്ന് സേവനമായാണ് പ്ലംബിങ്ങ് ജോലികൾ തീർത്തത്. 21 വർഷക്കാലമായി സായി സേവാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളാണ് ചന്തു. കുടിവെള്ളം നൽകാനായത് സായി ഭഗവാന്റെ അനുഗ്രഹമായി വിശ്വസിക്കുന്നതായി ചന്തു പറഞ്ഞു.
തന്നിത്തോട് കോളനിയിലെ കുടിവെള്ള പദ്ധതി പൊതുഭരണ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഓൺെൈലെൻ വഴി ഉദ്ഘാടനംം ചെയ്തു നൽകി. സംഘടന സംസ്ഥാന പ്രസിഡന്റ് മനോജ് മാധവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. പ്രഭാകരൻ, ജില്ലാ പ്രസിഡന്റ് ഡോ. ആർ. സതീഷ് കുമാർ എന്നിവരും ചന്തുവിനെ അഭിനന്ദിച്ചു. മറ്റ് ഭാരവാഹികളായ കെ.പി. രാമചന്ദ്രൻ, ഇ.പി. ലക്ഷ്മണൻ, അഡ്വ. വനജ മോഹൻ, കെ.പി. ഭരതൻ, ശ്രീസത്യസായി സേവാ സമിതി കല്യോട്ട് ഘടകം കൺവീനർ പി. ഭാസ്‌ക്കരൻ ഉൾപ്പെടെയുള്ളവർ വെള്ളം ലഭ്യമാക്കുന്ന ഉദ്യമത്തിൽ പങ്കാളികളായി.