മുടപുരം : കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന് പ്രതിരോധം തീർക്കാനായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റ ആഭിമുഖ്യത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമിന് രൂപം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബികയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് ടീം രൂപീകരിച്ചത്. ചിറയിൻകീഴ് ബ്ലോക്ക് ഉൾക്കൊള്ളുന്ന ആറ് ഗ്രാമ പഞ്ചായത്തുകളിലെ 103 വാർഡുകളിലെയും സ്ഥിതിയും പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യാൻ ഓരോ വാർഡിനും ഹെൽത്ത് വിഭാഗം കൂടാതെ ഓരോ അദ്ധ്യാപകർക്കും ചാർജ്ജ് നൽകി. 3 അദ്ധ്യാപകരുടെ നേതൃത്വത്തിൽ കൺസോൾഡേഷൻ സെന്റർ മുഴുവൻ സമയവും പ്രവർത്തിച്ചു പ്രദേശത്തെ വ്യാപന തോതും മറ്റും കളക്ടർ ഡെസ്കിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. വാർ റൂം, പി.എച്ച്.സി, സി.എച്ച്.സി, ആർ.എച്ച്.സി, താലൂക്ക് ആസ്ഥാന ആശുപത്രി, ഡി.സി.സി (ഡോമി സിലിറ്റി കെയർ സെന്റർ), സി.എൽ.എൽ.ടി.സി എന്നിവയെ ഉൾപ്പെടുത്തി റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി ) രൂപം നൽകി. ടീമിന്റെ

മുഖ്യ രക്ഷാധികാരികളായി ബ്ലോക്ക് പ്രസിഡന്റ് ഒ എസ്. അംബിക, വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫ് മാർട്ടിൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ എന്നിവരെ തീരുമാനിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർമാരെയും, ഒഫിഷ്യൽ ചാർജ് ഓഫീസർമാരെയും കൂടാതെ സുരക്ഷാ സൈക്കോളജിസ്റ്റ് ഡോക്ടർ പി.ബി. ഗംഗാധരൻ, ഇതര സ്ഥാപനങ്ങളിലെ ഡാറ്റാ കളക്ഷൻ ടെക്നിക്കൽ വിദഗ്ദ്ധൻ, സുരക്ഷാ കോഓഡിനേറ്റർമാർ, സാമൂഹ്യപ്രവർത്തകർ, കോ-ഓർഡിനേറ്റർ ആർ.കെ. ബാബു എന്നിവരെ ആർ.ആർ.ടി ടീമിൽ ഉൾപ്പെടുത്തും.