വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിൽ കൊവിഡ് വാക്സിനേഷൻ മുടങ്ങിയത് വൻ പ്രതിക്ഷേധത്തിന് കാരണമായി. ചൊവ്വാഴ്ച്ച 167 പേർക്കാണ് ഇവിടെ വാക്സിനേഷന് അനുമതി നൽകിയത്. വാക്സിൻ തീർന്നതിനാൽ വാക്സിനേഷൻ മാറ്റിവച്ച വിവരം ആശുപത്രി അധികൃതർ ലിസ്റ്റിലുള്ളവരെ എസ്.എം.എസ് വഴി അറിയിച്ചിരുന്നു. എന്നാൽ ഇത് കാണാതെ നിരവധി പേരാണ് വാക്സിൻ എടുക്കാൻ രാവിലെ ആശുപത്രിയിൽ എത്തിയത്. വാക്സിനേഷൻ ഇല്ലെന്നറിഞ്ഞ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ചിലരോട് റീ ഷെഡ്യൂൾ ചെയ്യാനും നിർദ്ദേശിച്ചു. വക്കം മണ്ഡലം പ്രസിഡന്റ് സജി ബന്ധപ്പെട്ടവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വാക്സിനേഷൻ മുടങ്ങിയവർക്ക് അടുത്ത വാക്സിൻ സമയത്ത് മുൻഗണന നൽകാമെന്ന ഉറപ്പ് നൽകി.