covid

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികൾക്ക് റൂം ഐസോലേഷൻ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്ത്. രോഗവ്യാപനം പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് പുതിയ നിർദ്ദേശം. രോഗം പകരുന്നത് ഫലപ്രദമായി തടയുന്നതിനാണ് ഗുരുതരരോഗങ്ങളില്ലാത്തവരെ റൂം ഐസൊലേഷനിൽ പാർപ്പിക്കാൻ തീരുമാനിച്ചത്.

ബാത്ത് അറ്റാച്ച്ഡായ വായു സഞ്ചാരമുള്ള മുറിയിലാണ്‌ ഐസൊലേഷനിലുള്ളവർ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർസെന്ററുകൾ ലഭ്യമാണ്. എ.സി മുറി ഒഴിവാക്കണം. വീട്ടിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കണം. രോഗികൾ മുറിക്ക് പുറത്തിറങ്ങരുത്. വീട്ടിലുള്ളവർ രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. രോഗികളെ പരിചരിക്കുന്നവർ എൻ 95 മാസ്‌ക് ധരിക്കണം.

വേണം

വസ്ത്രങ്ങളും കഴിക്കുന്ന പാത്രങ്ങളും സ്വയം കഴുകണം

നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രം, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.

ധാരാളം വെള്ളം കുടിക്കണം, എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം

ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കണം

ചെറുചൂടുള്ള വെള്ളത്തിൽ തൊണ്ട ഗാർഗിൾ ചെയ്യണം

പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് ഓക്‌സിജന്റെ അളവ്, നാഡിയിടിപ്പ് എന്നിവയും ഉറക്കവും മറ്റ്‌ രോഗലക്ഷണങ്ങളും ദിവസവും ഒരു ബുക്കിൽ കുറിക്കണം.

വേണ്ട

സാധനങ്ങൾ, ടി.വി റിമോട്ട്, ഫോൺ മുതലായ വസ്തുക്കൾ രോഗമില്ലാത്തവരുമായി പങ്കുവയ്‌ക്കരുത്.തണുത്ത വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കണം

വിളിക്കാം1056

ശ്വാസംമുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിത ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കിൽ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറിൽ ഓക്‌സിജൻ കാര്യമായി എത്താത്തത് കൊണ്ടുള്ള പ്രശ്നങ്ങളാലാണ് ഇവയിൽ പലതും ഉണ്ടാകുന്നത്. ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ദിശ 1056, 0471-2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.

'കൊവിഡ്‌ പോസിറ്റീവായാലും മറ്റു രോഗ ലക്ഷണങ്ങളില്ലെങ്കിൽ റൂം ഐസൊലേഷനാണ് നല്ലതെന്ന്‌ കൊവിഡിന്റെ ഒന്നാം തരംഗത്തിൽ നമ്മൾ തെളിയിച്ചതാണ്. ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. മറ്റ് പ്രശ്‌നങ്ങളില്ലാത്ത കൊവിഡ്‌രോഗികൾക്ക്‌ ഡോക്ടർ നിർദ്ദേശിക്കുന്ന അത്യാവശ്യ മരുന്നും പൂർണ വിശ്രമവും കൊണ്ടു രോഗം മാറ്റാം".

- മന്ത്രി കെ.കെ. ശൈലജ