തിരുവനന്തപുരം:കവടിയാർ അമ്പലമുക്കിന് സമീപത്തെ ബാർബിക്യു സ്‌പേസ്(മലപ്പുറം കുഴിമന്തി) ഹോട്ടലിന് തീപിടിച്ചു.ഹോട്ടലിന്റെ മൂന്നാം നിലിയിലെ ടെറസിൽ സ്ഥിതിചെയ്യുന്ന ജനറേറ്റർ റൂം കത്തിനശിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു അപകടം. ജനറേറ്റർ പ്രവർത്തിക്കാത്തതിനാൽ ശരിയാക്കുന്നതിനിടെ സ്പാർക്കായി കത്തുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. ജനറേറ്ററും രണ്ട് ഫ്രീസറുമടക്കമുള്ളവ കത്തിനശിച്ചു. തൊഴിലാളികൾ കിടന്നിരുന്ന ഡോർമെറ്ററി കട്ടിലുകളും കത്തിച്ചാമ്പലായി. അപകട സമയത്ത് ഇവിടെ ഉണ്ടായിരുന്ന 4 ജീവനക്കാരെ സമീപത്ത്‌ ജോലിക്കെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ കെട്ടിടത്തിന്റെ ഗ്ലാസ് പൊട്ടിച്ച് കയർ കെട്ടി താഴെ എത്തിച്ചു.ജീവനക്കാരുടെ തീകെടുത്തൽ ശ്രമം പരാജയപ്പെട്ടതോടെയാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ചെങ്കൽച്ചൂളയിൽ നിന്ന് 4 യൂണിറ്റും ചാക്കയിൽ നിന്ന് രണ്ടു യൂണിറ്റുമെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീകെടുത്തിയത്.ഫയർഫോഴ്സ് ഇടപെടലുണ്ടായതോടെ താഴത്തെ നിലകളിൽ തീപടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. താത്കാലിമായി ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ഷെഡ് അഗ്നിക്കിരയായി. ഏറെ നേരം അന്തരീക്ഷത്തിൽ പുകപടലങ്ങൾ ഉയർ‌ന്നു. തീപിടിത്തത്തിന് കാഴ്ചക്കാരായി ജനം കൂട്ടംകൂടിയതോടെ ഗതാഗതം താറുമാറായി. പൊലീസിന് വാഹനങ്ങൾ വഴിതിരിച്ച് വിടേണ്ടിവന്നു.നെട്ടയം സ്വദേശി സുരേഷ് കുമാറിന്റെ പേരിലുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്.എറണാകുളം സ്വദേശി മുഹമ്മദ് ഫാസിലിന്റേതാണ് ഹോട്ടൽ. തൊഴിലാളികളുടെ വസ്ത്രങ്ങളടക്കമുള്ളവ കത്തിനശിച്ചെന്നും നഷ്ടങ്ങൾ കണക്ക് കൂട്ടിയിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു.റീജിയണൽ ഫയർ ഓഫീസർ ദിലീപൻ,സ്റ്റേഷൻ ഓഫീസർമാരായ തുളസീധരൻ,രാമമൂർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്.