പാലോട്: കോഴിഫാമിലെ മാലിന്യങ്ങളും ചത്ത കോഴികളെയും ജനവാസ മേഖലയിൽ തള്ളുന്നത് ചോദ്യം ചെയ്ത ആദിവാസി യുവാവിനെ ഫാം ഉടമയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. അടപ്പുപാറ കരടി കുഴിയിൽ പ്രവർത്തിക്കുന്ന കോഴിഫാമിലെ മാലിന്യങ്ങൾ തോട്ടിൽ തള്ളിയത് ചോദ്യം ചെയ്ത് കരടികുഴി സ്വദേശിയായ ശരത് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ജനവാസ മേഖലയിൽ തള്ളുന്ന മാലിന്യം സമീപത്തുള്ള തോട്ടിലെത്തുകയാണ്. ഈ മാലിന്യം കലർന്ന ജലം കൊച്ചടപ്പുപാറ, അഞ്ചാന കുഴികര, പാലോട്ടുകാല, ആറ്റുമൺപുറം ചെട്ടിയെ കൊന്ന കയം എന്നിവിടങ്ങളിലെ ജനങ്ങളുടെ ആശ്രയമാണ്. ഈ തോട്ടിലെ ജലം 65 ഓളം കുടുംബങ്ങളിലായി 250ലധികം ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്. നിരവധി തവണ ഫാം ഉടമയോട് മാലിന്യ സംസ്കരണ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഉടമ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. സംഭവമറിഞ്ഞ് പാങ്ങോട് പൊലീസും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ആദിവാസി യുവാവിനെ മർദ്ദിച്ചവർക്കെതിരെ കേസെടുത്തതായി പാങ്ങോട് എസ്.ഐ രാഹുൽ അറിയിച്ചു.