marinja-bus

കല്ലമ്പലം: ദേശീയ പാതയിൽ നാവായിക്കുളം കടബാട്ടുകോണത്ത് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് മറിഞ്ഞ് പത്ത് പേർക്ക് പരിക്കേറ്റു. ഡ്രൈവറും കണ്ടക്ടറും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

മീനമ്പലം പാരിജാതത്തിൽ നിവ (28), കുണ്ടറ കാഞ്ഞിരക്കോട് ജിയോസിൽ ഷൈനി (45), കല്ലുവാതുക്കൾ ആൽത്തറ മുകൾ കിഴങ്ങുംവിള പടിഞ്ഞാറ്റതിൽ പ്രമീള (35) മകൻ ആദിത്യൻ (12), ആദിച്ചനല്ലൂർ ശങ്കരമംഗലം സ്വദേശി മധുകുമാർ (62), പെരുമൺ ഞാറയിൽ മുംതാസ് മൻസിലിൽ മുനീറ (26), ഉമയനല്ലൂർ വടക്കുംകര തണ്ടിൽ പുത്തൻ വീട്ടിൽ രമ്യ (34), പെരുമ്പുഴ നെട്ടറ വീട്ടിൽ മധുസൂദനൻ പിള്ള (63), കല്ലുവാതുക്കൽ സ്വദേശിനി ആരാധന (42)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പതോളം യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്ന് ഹരിപ്പാട്ടേക്ക് പോകവേ ഇന്നലെ വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം. ചാറ്റൽ മഴയുണ്ടായിരുന്നു. കുത്തിറക്കവും വളവുമായ റോഡിൽ ബ്രേക്ക് ചെയ്യവേ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് റോഡിനു കുറുകെ മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചെങ്ങന്നൂർ ഡിപ്പോയിലെ ബസാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കല്ലമ്പലം പൊലീസും, കല്ലമ്പലം അഗ്നിശമന സേനയും, ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

ഹൈവേയുടെ ഇരുഭാഗത്തു നിന്നും വന്ന വാഹനങ്ങൾ പഴയ ഹൈവേ റോഡിലൂടെ തിരിച്ചുവിട്ട് പൊലീസ് ഗതാഗതം നിയന്ത്രിച്ചു. തുടർന്ന് പൊലീസ് ക്രെയിൻ വരുത്തി ബസ് റോഡിൽ നിന്ന് നീക്കം ചെയ്ത് ഹൈവേയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

കാറുകൾ കൂട്ടിയിടിച്ചും ഓട്ടോ മറിഞ്ഞും നാലുപേർക്ക് പരിക്ക്

ദേശീയപാതയിൽ കടംബാട്ടുകോണത്ത് ബസപകടം നടന്നതിനു സമീപം രണ്ട് അപകടങ്ങൾ കൂടിനടന്നു. കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം കൊഞ്ചിറവിള മുട്ടാറ്റ് പറമ്പിൽ വീട്ടിൽ വിശ്വമല (36), വടശ്ശേരിക്കോണം ചേന്നൻകോട് വടക്കുംക്കര പുത്തൻവീട്ടിൽ ദീപ (38), പ്രീയ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് വടശ്ശേരിക്കോണം കുന്നത്തുമല ശ്യാം നിവാസിൽ സജി (39)ക്കും പരിക്കേറ്റു. നാലുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.