malayinkil-jn

 പരിശോധനയ്ക്കും വാക്സിനെടുക്കാൻ പോയവർക്കും പിഴയിട്ടെന്ന് പരാതി

മലയിൻകീഴ്: കൊവിഡ് വ്യാപനത്തിന് പിന്നാലെ ആരംഭിച്ച മലയിൻകീഴ് ജംഗ്ഷനിലെ പൊലീസിന്റെ പരിശോധന തുടരുന്നു. രാവിലെ മുതൽ ജംഗ്ഷനിലെ നാല് റോഡുകളിലുമായി പൊലീസിന്റെ ഹെൽമെറ്റ് പരിശോധനയിൽ കൊവിഡ് വാക്‌സിനെടുക്കാൻ പോയവരും പരിശോധനയ്‌ക്ക് പോയവരും വലഞ്ഞു. പാപ്പനംകോട്, ഊരൂട്ടമ്പലം, കാട്ടാക്കട, തിരുവനന്തപുരം റോഡുകൾ സംഗമിക്കുന്ന മലയിൻകീഴ് ജംഗ്ഷനിൽ പൊലീസ് പരിശോധന കർശനമാക്കിയതോടെ ഗതാഗതക്കുരുക്കുമുണ്ടായി.

സാമൂഹിക അകലവും അഞ്ച് പേരിൽ കൂടുതൽ കൂടരുതെന്ന കളക്ടറുടെ ഉത്തരവും നിലനിൽക്കെയായിരുന്നു പരിശോധന. രാവിലെ മുതൽ ഉച്ചവരെ 1250 പേരിൽ നിന്ന് 500 രൂപ വീതമാണ് പൊലീസ് പിഴ ഈടാക്കിയത്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങിയവരെയും മാദ്ധ്യമപ്രവർത്തരെയും ഉൾപ്പെടെ പൊലീസ് തടഞ്ഞുനിറുത്തി. പൊതുമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന വീട്ടമ്മ കൈയിൽ കരുതിയിരുന്ന പണം പിഴ നൽകിയാണ് വീട്ടിലേക്ക് മടങ്ങിയത്.

പൊലീസിന്റെ ഇത്തരം നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊവിഡ് പരിശോധനയ്‌ക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ദമ്പതികളെ പിടിച്ചുനിറുത്തി പെറ്റി ആവശ്യപ്പെട്ടത് വാക്കുതർക്കത്തിനിടയാക്കി. ഒടുവിൽ ഇവരെ പരിചയമുള്ള സീനിയർ എസ്.ഐ സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

നിരോധനാജ്ഞ ലംഘിക്കാതിരിക്കാൻ ശ്രമിക്കേണ്ട പൊലീസ് അന്യായമായി പിഴ ഈടാക്കുന്നെന്നാണ് പരാതി. ജംഗ്ഷൻ കേന്ദ്രീകരിച്ച പൊലീസ് പരിശോധന കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികളും പറയുന്നത്. മലയിൻകീഴ് ജംഗ്ഷനിലെ പൊലീസിന്റെ ഹെൽമെറ്റ് വേട്ടയെക്കുറിച്ച് മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു കാട്ടാക്കട ഡി.വൈ.എസ്.പി ഷാജിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സംഭവം അന്വേഷിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി എസ്. സുരേഷ് ബാബു കേരളകൗമുദിയോട് പറഞ്ഞു.