തിരുവനന്തപുരം: അമ്പലംമുക്കിൽ തീപിടിച്ച ഹോട്ടലിന്റെ മൂന്നാം നിലയിലെ ഷെഡിൽ കുടുങ്ങിയ ജീവനക്കാർക്ക് രക്ഷകരായത് കെ.എസ്.ഇ.ബിയുടെ അറ്റകുറ്റപ്പണി നടത്തുന്നവർ. കവടിയാർ ടോൾ ജംഗ്ഷനിലെ ബ്രാഹ്മിൻസ് കോളനി ട്രാൻസ്‌ഫോർമറിലെ അറ്റകുറ്റപ്പണികൾക്കുശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് സമീപത്തെ സ്‌പേസ് റസ്റ്റോറന്റിലെ അഗ്നിബാധ കെ.എസ്.ഇ.ബി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഏണി ചാരി വടം ഉപയോഗിച്ച് മുകളിലത്തെ നിലയിൽ അകപ്പെട്ട ജീവനക്കാരെ ഗ്ലാസ് തകർത്ത് താഴെ ഇറക്കുകയായിരുന്നു. പേരൂർക്കട കെ.എസ്.ഇ.ബി. സെക്ഷനിലെ സബ് എൻജിനിയർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഓവർസിയർ ഭുവനചന്ദ്രൻ എ. ലൈൻമാന്മാരായ അനിൽ കുമാർ എം.എസ്, സഞ്ജൻ കെ.വി., വർക്കർമാരായ സജുകുമാർ .എസ്, മുഹമ്മദ് ഷാഫി .എം., സാബു .ടി, ഷബീർ .എസ്, മണികണ്ഠകുമാർ.ഡി തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.