photo

പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ കാവൽ ഗ്രൂപ്പുകളുടെ സേവനവും ജാഗ്രതാ സമിതികളുടെ പ്രവർത്തനവും ഏകോപിപ്പിച്ച് കൊവിഡ് നിയന്ത്രണം ശക്തമാക്കി. നിലവിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കിയതിനെ തുടർന്ന് അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. കാവൽ ഗ്രൂപ്പ് അംഗങ്ങൾ ഓരോദിവസവും 10 വീടുകൾ വീതം സന്ദർശിച്ച് വീട്ടുകാരുടെ ആരോഗ്യസ്ഥിതി ആരോഗ്യ പ്രവർത്തകരെ അറിയിച്ച് പരിഹാരം കാണുന്നതിനു തീരുമാനമായി. നന്ദിയോട് പഞ്ചായത്ത് മേഖലയിൽ ധ്രുത കർമ്മ സേനക്കും രൂപം നൽകിയിട്ടുണ്ട്. നന്ദിയോട്ട് നടന്ന സർവകക്ഷി യോഗം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, പാലോട് സി.ഐ സി.കെ മനോജ്,​ മെഡിക്കൽ ഓഫീസർ ഡോ. ജോർജ്ജ് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ ജിജു, വ്യാപാരി പ്രതിനിധികൾ, പഞ്ചായത്തംഗങ്ങൾ, ആശ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ എന്നിവർ പങ്കെടുത്തു. നിലവിൽ നന്ദിയോട് പഞ്ചായത്തിൽ 140 കൊവിഡ് രോഗികളാണുള്ളത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. പെരിങ്ങമ്മല പഞ്ചായത്തിൽ 108 കൊവിഡ് രോഗികളാണ് നിലവിലുള്ളത്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചു കരിക്കകം, ഇക്ബാൽ കോളേജ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ്. അനാവശ്യമായി കറങ്ങാനിറങ്ങിയ പത്ത് പേർക്കെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. ശക്തമായ പരിശോധന ഇനിയും തുടരുമെന്ന് പാലോട് സി.ഐ.സി കെ മനോജ് അറിയിച്ചു.