 ഇന്നലത്തെ രോഗികൾ 32,819

 പരിശോധിച്ച സാമ്പിൾ 1,41,199

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24

 ചികിത്സയിലുള്ളവർ 2,47,181

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം തീവ്രമുഖമണിഞ്ഞതോടെ സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി മുപ്പതിനായിരം കടന്നു. ഇന്നലെ 1,41,199 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 32,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.24 ശതമാനം. 32 മരണവുമുണ്ടായി.

ആകെ ചികിത്സയിലുള്ളവർ 2,47,181 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ 255 ശതമാനം വർദ്ധിച്ചു. സ്ഥിതി അതീവ ഗുരുതരമായതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനൊപ്പം ജില്ലകളിൽ കൂടുതൽ സംവിധാനങ്ങളൊരുക്കാനും ഇന്നലെ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. ജനിതകമാറ്റംവന്ന വൈറസുകളുടെ സാന്നിദ്ധ്യം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിൽ പരിശോധന വിപുലീകരിക്കും. തടവുകാർക്ക് പരോളും അനുവദിക്കും.

ഇ.എസ്.ഐ കോർപറേഷന് കീഴിലുള്ള ആശുപത്രികളിലെ കിടക്കകൾ കൂടി ഓക്‌സിജൻ ബെഡാക്കും. എന്നാൽ ആരോഗ്യപ്രവർത്തകരുടെ ക്ഷാമമാണ് പ്രധാന വെല്ലുവിളി. ഇതൊഴിവാക്കാൻ കൂടുതൽ താത്കാലികക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ വിവിധ മേഖലയിലുള്ളവർ ഉൾപ്പെടെ 13,625 പേരെ കൊവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയെങ്കിലും കൂടുതൽ പേർ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

 തൃശൂരിൽ രോഗികൾ ഇരട്ടിക്കും

രോഗവ്യാപനം രൂക്ഷമായതോടെ തൃശൂരിൽ പ്രതിദിന രോഗികൾ നാലു ദിവസം കൂടുമ്പോൾ ഇരിട്ടിച്ചേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 75 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്‌ക്കായി മാറ്റിവയ്‌ക്കാൻ സർക്കാർ നിർദ്ദേശം നൽകി.

പത്തനംതിട്ടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇവർ കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ പരിശോധന ആരംഭിച്ചു. കോട്ടയത്ത് നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാർഡുകളിലും 144 വകുപ്പനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എറണാകുളത്ത് മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടിയാരംഭിച്ചു. വയനാട് ആദിവാസി മേഖലകളിൽ രോഗവ്യാപനം തടയുന്ന പ്രവർത്തനം ശക്തിപ്പെടുത്താൻ ട്രൈബൽ സെൽ രൂപീകരിച്ചു.