photo

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിലെ മലയോര മേഖലയിൽ അതിതീവ്ര കൊവിഡ് വ്യാപനം. നിരോധനാജ്ഞ നിലവിലുള്ള നെടുമങ്ങാട് നഗരസഭയിലും അരുവിക്കര, ഉഴമലയ്ക്കൽ, തൊളിക്കോട്, ആനാട് പഞ്ചായത്തുകളിലും പോസിറ്റീവ് കേസുകൾ കുതിച്ചു കയറുകയാണ്. നഗരസഭയിൽ 35 കേസുകളും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ 110 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ആകെ 400 പേരിലാണ് പരിശോധന നടത്തിയത്. ജില്ലാ ആശുപത്രി 51, വിതുര താലൂക്കാശുപത്രി - 21, പെരിങ്ങമ്മല പി.എച്ച്.സി - 4, കല്ലറ സി.എച്ച്.സി - 10, പാലോട് സി.എച്ച്.സി -7, ആനാട് പി.എച്ച്.സി - 17, അരുവിക്കര പി.എച്ച്.സി -10, പനവൂർ പി.എച്ച്.സി - 15, വാമനപുരം ബി.പി.എച്ച്.സി - 2, പുല്ലമ്പാറ പി.എച്ച്.സി -2, ആനാകുടി പി.എച്ച്.സി - 11, കന്യാകുളങ്ങര സി.എച്ച്.സി - 11 എന്നിങ്ങനെയാണ് ആരോഗ്യ വിഭാഗത്തിന്റെ കണക്ക്. ആർ.ടി.പി.സി.ആർ പരിശോധനയാണ് മുഖ്യമായും നടക്കുന്നതെന്നതിനാൽ പൂർണമായ പരിശോധനാഫലം ലഭിക്കാൻ വൈകും. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആന്റിജൻ കിറ്റിന്റെ കുറവ് നിമിത്തം റാപ്പിഡ് ടെസ്റ്റ് തത്കാലത്തേക്ക് നിറുത്തിവച്ചിരിക്കുകയാണ്. ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററായിട്ടുള്ള ഇവിടെ, 6 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 6 പേർക്ക് കൂടിയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. റിംസ് ആശുപത്രി സെന്ററിൽ അമ്പതോളം പേർ ചികിത്സയിലാണ്.

സ്രവപരിശോധനാ കേന്ദ്രങ്ങൾ

നെടുമങ്ങാട് ജില്ലാ ആശുപത്രിയും വിതുര താലൂക്ക് ആശുപത്രിയും കൂടാതെ ഇന്ന് കൊവിഡ് പരിശോധന നടക്കുന്ന സെന്ററുകൾ ചുവടെ. സി.എച്ച്.സി വെള്ളനാട്, പി.എച്ച്.സി മലയടി, തൊളിക്കോട്, പി.എച്ച്.സി ആര്യനാട്, പി.എച്ച്.സി പെരിങ്ങമ്മല, സി.എച്ച്.സി കല്ലറ, പി.എച്ച്.സി ഭരതന്നൂർ, സി.എച്ച്.സി പാലോട്, പി.എച്ച്.സി അരുവിക്കര, പി.എച്ച്.സി വെമ്പായം, എഫ്.എച്ച്.സി വാമനപുരം, പി.എച്ച്.സി മാണിക്കൽ, പി.എച്ച്.സി പുല്ലമ്പാറ, സി.എച്ച്.സി കന്യാകുളങ്ങര, സാരാഭായ് എഞ്ചിനിയറിംഗ് കോളേജ്, ഗവ.എൽ.പി.എസ് ആര്യനാട്, ഗവ.യു.പി.എസ് പെരിങ്ങമ്മല, ശരവണ ഓഡിറ്റോറിയം കല്ലറ, എൽ.പി.എസ് ഭരതന്നൂർ, ഗ്രീൻ ഓഡിറ്റോറിയം നന്ദിയോട്, യു.പി.എസ് കൊഞ്ചിറ, എൽ.പി.എസ് കൊപ്പം. നെടുമങ്ങാട് നഗരസഭ, ആനാട്, അരുവിക്കര, തൊളിക്കോട് പഞ്ചായത്തുകളിലും മിക്കപ്രദേശങ്ങളും കണ്ടെയിന്റ്മെന്റ്സോൺ പട്ടികയിലാണ്. ഇതേസമയം, വാക്സിൻ കുത്തിവയ്പ് രജിസ്‌ട്രേഷൻ നെടുമങ്ങാട് താലൂക്കിൽ താളം തെറ്റിയ നിലയിലാണ്. രണ്ടാമത് ഡോസ് കുത്തിവയ്പ് മാത്രമാണ് പലേടങ്ങളിലും നടക്കുന്നത്.

ഫലംകാണാതെ നിരോധനാജ്ഞ

നിരത്തുകളിലും കടകളിലും പൊലീസ് പരിശോധന ശക്തമാക്കിയെങ്കിലും നെടുമങ്ങാട് നഗരത്തിലും അരുവിക്കരയിലും നിരോധനാജ്ഞ ഫലപ്രദമല്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. ബസ് സ്റ്റാൻഡുകളിലും പ്രധാന കവലകളിലും ഇന്നലെയും വലിയ ആൾക്കൂട്ടമാണ് ദൃശ്യമായത്. പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പൊതുജനങ്ങൾ അത് ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ പ്രോട്ടോക്കോൾ ലംഘനത്തിന് കേസ് എടുത്ത് പിഴ ചുമത്തുമെന്നും ശക്തമായ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്‌കുമാറും സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ്കുമാറും അറിയിച്ചു.