നെടുമങ്ങാട്:നിറചിരിയോടെയാണ് ശശിധരൻ സാർ പാപപച്ചനിൽ നിന്ന് നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുകയായ 70 ലക്ഷത്തിന്റെ ടിക്കറ്റ് ഏറ്റുവാങ്ങിയത്.നിറഞ്ഞ മനസോടെ ടിക്കറ്റ് കൈമാറുമ്പോൾ പാപ്പച്ചന്റെ വക കമന്റ് ഇങ്ങനെ; 'ഇത് കണ്ടിട്ടെങ്കിലും പത്ത് പേർ കൂടുതൽ ടിക്കറ്റ് എടുത്താൽ മതിയായിരുന്നു 'ഫോണിൽ പറഞ്ഞ ടിക്കറ്റിന് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചതും, ടിക്കറ്റ് ആവശ്യപ്പെട്ട ശാസ്താംകോട്ട സ്വദേശിയായ അദ്ധ്യാപകൻ ശശിധരനു വേണ്ടി ലോട്ടറി വിതരണക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് പാലോട് പാപ്പച്ചൻ കാത്തിരിക്കുന്നതും കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ചെറ്റച്ചൽ നവോദയ സ്‌കൂൾ അദ്ധ്യാപകനായ ശശിധരൻ കഴിഞ്ഞ ദിവസമാണ് പാപ്പച്ചന്റെ ലോട്ടറി കടയിലെത്തി സമ്മാനാർഹമായ ടിക്കറ്റ് ഏറ്റുവാങ്ങിയത്.പാലോട് വിജയ ലക്കി സെന്റർ ഉടമ വിജയൻ, ലോട്ടറി വിതരണക്കാരനും സുഹൃത്തുമായ ഷാജിമോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.