തിരുവനന്തപുരം: നിയമസഭാ സാമാജികത്വത്തിൽ അമ്പത് വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആദരിച്ച് സാമാജികരിലെ പുതുതലമുറ. ഇന്നലെ നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഉമ്മൻചാണ്ടി സഭയുടെ ആദരമേറ്രുവാങ്ങിയത്. അമ്പത് വർഷം നേരത്തേ പൂർത്തിയാക്കിയ അന്തരിച്ച കെ.എം.മാണിയുടെ ഓർമ്മകളും നിറഞ്ഞുനിന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സന്നിഹിതനായിരുന്നു.
രാവിലെ 11.30ന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കെ.എം.മാണി: ധന്യസ്മൃതി സ്മരണിക, ഉമ്മൻചാണ്ടി- നിയമസഭയിലെ 50 വർഷങ്ങൾ എന്നിവ ഉൾപ്പെടെ 9 പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒ.രാജഗോപാൽ, കെ.എസ്. ശബരീനാഥൻ, ഐ.ബി. സതീഷ്, സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ്, എൽദോസ് പി. കുന്നപ്പിള്ളിൽ, എൻ. ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവരും നിയമസഭാ സെക്രട്ടറിയും സന്നിഹിതരായിരുന്നു.
മന്ത്രി എ.കെ. ബാലൻ, നിയമസഭാ സാമാജികരായ കെ.സി. ജോസഫ്, എസ്. രാജേന്ദ്രൻ, പുരുഷൻ കടലുണ്ടി, പി.അയിഷാ പോറ്റി, ബി. സത്യൻ എന്നിവർ ഓൺലൈനായി പങ്കെടുത്തു.
കൊവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിച്ച നിയമസഭാ സെക്രട്ടേറിയറ്റിലെ ആരോഗ്യ പ്രവർത്തകരെയും നിയമസഭാ സമുച്ചയത്തിൽ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ കൃഷി ഓഫീസറെയും സ്പീക്കർ ആദരിച്ചു.
സഭാ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ സന്നിഹിതനായിരുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട കുളമാവിന്റെ തൈ നിയമസഭയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപം സ്പീക്കർ നട്ടു.