പാറശാല: അതിർത്തി മേഖലകളിൽ 45 വയസിന് മുകളിലുള്ള കേരളീയർക്ക് തമിഴ്‌നാടിന്റെ പി.എച്ച്.സി കളിലും മറ്റ് സർക്കാർ സെന്ററുകളിലും സൗജന്യമായി കൊവിഡ് വാക്സിൻ നൽകാതെ തിരിച്ചയക്കുന്നതായി പരാതി. അതിർത്തിയിൽ കൊല്ലങ്കോടിന് സമീപം പ്രവർത്തിച്ചുവരുന്ന തമിഴ്നാടിന്റെ പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിയവരെയാണ് കേരളത്തിലെ ജനങ്ങൾ എന്ന കാരണത്താൽ തിരിച്ചയച്ചത്. തമിഴ്നാട് അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. അതിർത്തി പ്രദേശത്ത് രോഗംപടരാതെ സൂക്ഷിക്കേണ്ടത് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്ക് ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്ന കാര്യം മറന്നാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. തമിഴ്നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദഗ്ദ്ധ ചികിത്സ തേടി കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ എത്തുന്നവർക്ക് സൗജന്യ ചികിത്സ നടപ്പിലാക്കി വരുമ്പോഴാണ് തമിഴ്‌നാട്ടിലെ ചില പ്രാഥമിക കേന്ദ്രങ്ങളിലെ ജീവനക്കാർ സങ്കുചിത താത്പര്യത്തോടെ പ്രവർത്തിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് തമിഴ്നാട് സർക്കാർ താക്കീത് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.