കോവളം : കൊവിഡ് വ്യാപനം രൂക്ഷമായതോടെ അണു നശീകരണവും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി നഗരസഭയുടെ വിഴിഞ്ഞം സോണൽ അധികൃതർ. തീരദേശ മേഖലയിൽ രോഗം വ്യാപനം വർദ്ധിച്ചതോടെ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജുവിന്റെയും വാർഡ് കൗൺസിലർമാരുടെയും നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കിയത്. വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ എ.ടി.ഒ. ഉൾപ്പെടെയുളളവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കമുളള 15പേർ നിരീക്ഷണത്തിലുമായി. ജീവനക്കാരുടെ എണ്ണം കുറവായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നുള്ള സർവ്വീസുകളുടെ എണ്ണവും കുറച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടത്തെ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർക്കും രോഗം ബാധിച്ചു. ഇതോടെ ഇന്നലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് അണു നശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. മുല്ലൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ, ഡിവിഷനുകളിൽപ്പെട്ട തീരദേശ മേഖലയിലെ വിവിധ ഇടങ്ങളിൽ അണു നശീകരണത്തിനൊപ്പം ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പുകളും ബോധവൽക്കരണവും നടത്തി. ആരോഗ്യവകുപ്പിലെ എല്ലാവിഭാഗം ജീവനക്കാരുടെയും സെക്ടറൽ മജിസ്‌ട്രേറ്റ് മാരുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടയിലും കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് തലവേദന സൃഷ്ടിക്കുന്നുണ്ട്.